ആലപ്പുഴ: ആധുനിക കേരളത്തിന്റെ വിപ്ലവനായിക കെ ആര് ഗൗരിയമ്മയുടെ ഓര്മ്മയ്ക്ക് ഇന്ന് മൂന്ന് വര്ഷം തികയുകയാണ്. ഇന്നോളം കേരള രാഷ്ട്രീയം കണ്ട ഏറ്റവും കരുത്തുറ്റ വനിതയാണ് കെ ആര് ഗൗരിയമ്മ എന്ന കമ്മ്യൂണിസ്റ്റ് നേതാവ്. ആദ്യ കേരള മന്ത്രിസഭയിലെ ഏക വനിതാ മന്ത്രി, സംസ്ഥാനത്ത് ഏറ്റവുമധികം കാലം എംഎല്എയും മന്ത്രിയുമായിരുന്ന വനിത, മന്ത്രിയായിരിക്കുമ്പോള് മറ്റൊരു മന്ത്രിയെ വിവാഹം കഴിച്ച അപൂര്വത എന്നിങ്ങനെ പല വിശേഷണങ്ങളാണ് ആ കമ്മ്യൂണിസ്റ്റ് ജീവിതത്തിന്. കമ്യൂണിസ്റ്റ് പാര്ട്ടി പിളര്ന്നപ്പോള്, ഭര്ത്താവ് ടി വി തോമസിന്റെ വഴിയേ പോവാതെ സിപിഐഎമ്മിനൊപ്പം സ്വന്തം നിലപാടുതറ ഉറപ്പിച്ചുനിര്ത്തിയ നേതാവായിരുന്നു അവര്.
രാജ്യത്താദ്യമായി ഭൂപരിഷ്കരണ നിയമം നിയമസഭയില് അവതരിപ്പിച്ച മന്ത്രിയാണ് ഗൗരിയമ്മ. കേരം തിങ്ങും കേരളനാട് കെ ആര് ഗൗരി ഭരിച്ചീടും എന്ന് വിളിച്ച് ഭരണത്തിലെത്തിയ പ്രസ്ഥാനം പിന്നീട് ഭരണത്തില് നിന്ന് അവരെ മാറ്റിനിര്ത്തിയപ്പോള് അച്ചടക്കംപാലിച്ച പാര്ട്ടിക്കാരിയായിരുന്നു. അതേ പ്രസ്ഥാനം പുറത്താക്കാന് കാരണം തേടിയപ്പോള് 42 പേജ് മറുപടി കൊടുത്ത് നട്ടെല്ലു വളക്കാതെ നിന്നവള്. പാര്ട്ടി പുറത്താക്കിയപ്പോള് രാഷ്ട്രീയമരണം പ്രവചിച്ചവരെ ഞെട്ടിച്ച് ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരില് പാര്ട്ടിയുണ്ടാക്കി രണ്ടുവട്ടം വീണ്ടും മന്ത്രിയായ ഒറ്റയാന്. അങ്ങനെ സമാനതകളില്ലാത്ത പോരാട്ടവീര്യത്തിന്റെ പേരാണ് മലയാളിക്ക് ഗൗരിയമ്മ.
ഗൗരിയമ്മയ്ക്കു മുന്പോ പിന്പോ മറ്റൊരു വനിതയുടെ പേരും കേരള രാഷ്ട്രീയ ചരിത്രത്തില് ഇത്ര കരുത്തോടെ എഴുതപ്പെട്ടിട്ടില്ല. കളത്തിപ്പറമ്പില് കെ എ രാമന്, പാര്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14ന് ജനനം. ചേര്ത്തലയിലെ പട്ടണക്കാട്ട് അന്ധകാരനഴി ഗ്രാമമാണ് ജന്മനാട്. ബിഎയ്ക്ക് ശേഷം തിരുവനന്തപുരം ലോ കോളേജില് ചേര്ന്നു. തുടര്ന്ന് ഈഴവ സമുദായത്തിലെ ആദ്യത്തെ വനിതാ വക്കീലായി. തീര്ന്നില്ല, സ്ത്രീകള്ക്ക് പോരായ്മയായി കണ്ട പൊതുപ്രവര്ത്തനം തന്നെ കര്മ്മഭൂമിയാക്കി. വെച്ചുനീട്ടിയ മജിസ്ട്രേട്ട് പദവി വേണ്ടെന്ന് വെച്ചായിരുന്നു രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ഇടപെട്ടിടത്തെല്ലാം നേതൃസ്ഥാനത്തു തന്നെ നിറഞ്ഞുനിന്നു. അപ്പുറത്ത് ആരെന്ന് നോക്കാതെ നിലപാടുകളെടുത്തു.
അരവിന്ദ് കെജ്രിവാള് തിരഞ്ഞെടുപ്പ് ഗോദയിലേക്ക്; ഇന്ന് മുതല് റാലികളും പ്രചാരണപരിപാടികളുംസ്ത്രീകളുടെ അവകാശങ്ങള്ക്കായി ഉശിരോടെ നിലകൊണ്ടപ്പോഴും സ്ത്രീയെന്ന സംവരണം ഒരിടത്തും ആവശ്യപ്പെട്ടില്ല. വനിതാപൊലീസുകാര്ക്കും നഴ്സുമാര്ക്കും വിവാഹിതരാകാമെന്ന നിയമഭേദഗതി കൊണ്ടുവന്നു. സ്കൂളുകളില് പ്രധാന അദ്ധ്യാപക തസ്തികയില് സ്ത്രീകളെ പരിഗണിക്കാതിരുന്ന വിവേചനത്തിന് അറുതി വരുത്തി. കാര്ഷിക നിയമം, കുടിയൊഴിപ്പിക്കല് നിരോധന ബില്, പാട്ടം പിരിക്കല് നിരോധനം, സര്ക്കാര്ഭൂമി കയ്യേറിയ ഭൂരഹിതരെ ഒഴിപ്പിക്കാന് പാടില്ലെന്ന ഉത്തരവ്, സര്ക്കാര്ഭൂമിയിലെ കുടികിടപ്പുകാര്ക്ക് ഭൂമി കിട്ടാന് ഇടയാക്കിയ സര്ക്കാര്ഭൂമി പതിവു നിയമം തുടങ്ങി മലയാളി ജീവിതം മാറ്റിമറിച്ച ഏറ്റമറ്റ സംഭാവനകള്ക്ക് പിന്നിലെല്ലാം കെ ആര് ഗൗരിയമ്മയുണ്ട്. സർവ്വതാ യോഗ്യയായിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില് ഗൗരിയമ്മ എത്തിയില്ല.102 വയസ്സു വരെ നീണ്ട സംഭവബഹുലമായ ആ ജീവിതം അനശ്വരതയിലേക്ക് മറഞ്ഞപ്പോള്, ഗൗരിയമ്മയിലൂടെ മലയാളികള്ക്ക് ലഭിക്കാതെ പോയ സൗഭാഗ്യവും അതുതന്നെ.