പാര്ട്ടിക്കെതിരെ നിന്നാല് സുബ്രഹ്മണ്യന്റെ ഗതി, പുറത്താക്കിയത് കോര്കമ്മിറ്റി: പ്രവീണ് കുമാര്

ലോക്സഭാ തിരഞ്ഞെടുപ്പില് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്ത്ഥി എം കെ രാഘവനെതിരെ പ്രവര്ത്തിച്ചുവെന്ന പരാതിയിലാണ് സുബ്രഹ്മണ്യത്തെ പുറത്താക്കിയത്.

dot image

കോഴിക്കോട്: കോര്കമ്മിറ്റി കൂടാതെ ജില്ലയില് ഒരു പാര്ട്ടി അംഗത്തിനെതിരെയും നടപടിയെടുക്കില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ് കുമാര്. ഒമ്പത് അംഗ കോര്കമ്മിറ്റി കൂടിയാലോചിച്ച് മാത്രമേ എന്ത് നടപടിയും എടുക്കുകയുള്ളൂ. ഏതെങ്കിലും നേതാവിന്റെ തണലില് നിന്നാല് എന്തും ചെയ്യാവുന്ന അവസ്ഥ നേരത്തെ കോണ്ഗ്രസില് ഉണ്ടായിരുന്നു. അത് മാറി. പാര്ട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന ഏത് നടപടി സ്വീകരിച്ചാലും സുബ്രഹ്മണ്യന്റെ ഗതിയായിരിക്കുമെന്നും പ്രവീണ് കുമാര് പറഞ്ഞു. അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ച് കെപിസിസി അംഗം കെ വി സുബ്രഹ്മണ്യത്തെ പുറത്താക്കിയിരുന്നു. തുടര്ന്ന് തന്നെ പുറത്താക്കിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പിന്നില് കെ സുധാകരന്റെ വിശ്വസ്തന് ജയന്താണെന്നും സുബ്രഹ്മണ്യന് ആരോപിച്ചിരുന്നു.

'തിരഞ്ഞെടുപ്പിനെ നേരിടുമ്പോള് കെപിസിസി അംഗം പരസ്യമായി പാര്ട്ടി സസ്പെന്റ് ചെയ്തവര്ക്കൊപ്പം പത്രസമ്മേളനത്തില് പങ്കെടുത്തുവെന്ന് പറഞ്ഞാല് കുറ്റകരമാണ്. കോക്കസ് എന്നൊന്നും പറഞ്ഞാല് പോര. സുബ്രഹ്മണ്യനെതിരെ നടപടിക്ക് ശുപാര്ശ ചെയ്തത് ഞാനാണ്. ഉത്തരവാദിത്തം എനിക്ക് മാത്രമാണ്.' പ്രവീണ് കുമാര് പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്ത്ഥി എം കെ രാഘവനെതിരെ പ്രവര്ത്തിച്ചുവെന്ന പരാതിയിലാണ് സുബ്രഹ്മണ്യത്തെ പുറത്താക്കിയത്. അതേസമയം കോണ്ഗ്രസുകാരനായി തന്നെ തുടരുമെന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീണ്കുമാര് ഏകപക്ഷീയമായി പെരുമാറുന്നുവെന്നും സുബ്രഹ്മണ്യം ആരോപിച്ചിരുന്നു.

കെപിസിസി അധ്യക്ഷന് കെ സുധാകരന് സ്വന്തം ഇഷ്ടപ്രകാരമല്ല തീരുമാനങ്ങള് എടുക്കുന്നത്. വിശ്വസ്തന് ജയന്ത് പറയുന്നത് മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. ജയന്ത് ചെയ്യുന്ന പ്രവര്ത്തനം കോണ്ഗ്രസിന്റെ നാശത്തിനാണെന്നും സുബ്രഹ്മണ്യം പറഞ്ഞു.

dot image
To advertise here,contact us
dot image