കൊച്ചി: കെകെ ശൈലജ എംഎല്എക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്ശത്തില് ആര്എംപി നേതാവ് കെ എസ് ഹരിദാസിനെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ. കേരളത്തില് ഏറെ ബഹുമാനിക്കപ്പെടുന്ന സ്വപ്രയത്നത്താല് വ്യക്തിമുദ്ര പതിപ്പിച്ച കലാകാരികളെ പോലും ആര്എംപി-യുഡിഎഫ് നേതൃത്വം നികൃഷ്ടമായ കണ്ണുകളോട് കൂടിയാണ് കാണുന്നതെന്ന് ഡിവൈഎഫ്ഐ വിമര്ശിച്ചു. ഹരിഹരന് നടത്തിയ പ്രസംഗം സാംസ്കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും ഡിവൈഎഫ്ഐ പറഞ്ഞു.
പ്രതികരണത്തിന്റെ പൂര്ണ്ണരൂപം-
വടകരയില് യുഡിഎഫ് നടത്തിയ ഹീനമായ സ്ത്രീ വിരുദ്ധ പ്രചാരണങ്ങള്ക്ക് അടിവരയിടുന്ന പ്രസംഗമാണ് ഇന്ന് യുഡിഎഫ് -ആര്എംപിഐ നേതാവ് ഹരിഹരന് നടത്തിയത്.
മര്യാദയുടെ സകല സീമകളും ലംഘിച്ച് ഒരു തെരഞ്ഞെടുപ്പ് കാലം വടകരയില് വര്ഗ്ഗീയ - സ്ത്രീ വിരുദ്ധ ശക്തികളുടെ കൂത്തരങ്ങാക്കി മാറ്റിയ യുഡിഎഫ് ജാള്യത മറക്കാനായി നടത്തിയ പരിപാടി പോലും അതിലേറെ സ്ത്രീ വിരുദ്ധ സമ്മേളനമായാണ് അവസാനിച്ചത്.
ഹരിഹരന് നടത്തിയ പ്രസംഗം സാംസ്കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണ്. കേരളത്തിലെ ഏറെ ബഹുമാനിക്കപ്പെടുന്ന സ്വപ്രയത്നത്താല് വ്യക്തി മുദ്ര പതിപ്പിച്ച കലാകാരികളെ പോലും ആര്എംപി - യുഡിഎഫ് നേതൃത്വം എത്ര മാത്രം നികൃഷ്ടമായ കണ്ണുകളോട് കൂടിയാണ് കാണുന്നത് എന്നത് തെളിയിക്കുന്നതാണ് പ്രസംഗം.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉദ്ഘാടനം നിര്വ്വഹിച്ച ഷാഫി പറമ്പില് അനുകൂല പരിപാടിയിലാണ് ഇത്രയും ഹീനമായ സ്ത്രീ വിരുദ്ധമായ പ്രസ്താവന ഉണ്ടായിരിക്കുന്നത്.
കെ കെ രമ എം.എല്.എയുടെ സാനിധ്യത്തിലാണ് ആര്.എം.പി നേതാവ് ഇത്രയും വൃത്തികെട്ട നിലയില് സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയത്. ശ്രീമതി കെ.കെ രമ ഇതിനോട് പ്രതികരിക്കേണ്ടതായുണ്ട്.
ശൈലജടീച്ചറെയും മഞ്ചു വാര്യരെയും അപമാനിച്ച
ഹരിഹരന് എതിരെ ശക്തമായ നിയമ നടപടികള് സ്വീകരിക്കണമെന്ന് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.