തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയിൽ തർക്കം മുറുകുന്നു. സീറ്റ് ആർക്കും വിട്ടു നൽകില്ലെന്നാണ് സിപിഐ നിലപാട്. അതേസമയം, സീറ്റു വേണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം.
തങ്ങൾക്ക് അർഹതപ്പെട്ട സീറ്റിൽ മറ്റാരും അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്നാണ് സിപിഐ നേതൃത്വം പറയുന്നത്. ഇടതുമുന്നണി യോഗത്തിൽ ആവശ്യം ഉന്നയിക്കുമെന്നും സിപിഐ വ്യക്തമാക്കി. ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളില് ഒന്നില് അവകാശവാദം ഉന്നയിക്കാന് കേരള കോണ്ഗ്രസ് നീക്കം സജീവമാക്കിയതോടെയാണ് സിപിഐയും നിലപാട് കടുപ്പിച്ചത്.
മുന്നണിയോഗത്തിൽ രാജ്യസഭാ സീറ്റ് ആവശ്യപ്പെടാൻ തന്നെയാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. യോഗത്തിൽ ഇതുസംബന്ധിച്ച് നിർണായക തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. അതേസമയം, രാജ്യസഭ സീറ്റ് വിഷയം മുന്നണിയില് ഇതുവരെ ചര്ച്ചയായിട്ടില്ലെന്നും സീറ്റിനായുള്ള അവകാശവാദം ആരും ഉന്നയിച്ചിട്ടില്ലെന്നുമാണ് എല്ഡിഎഫ് നേതൃത്വം പറയുന്നത്.