ന്യൂഡല്ഹി: യെമനില് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്ച്ചകള് വൈകാതെ ആരംഭിക്കും. ഇന്ത്യന് എംബസി നിയോഗിച്ച യെമനിലെ അഭിഭാഷകന്റെ നേതൃത്വത്തിലാകും ചര്ച്ച. പ്രാരംഭ ചര്ച്ചയ്ക്ക് മുന്പ് 35 ലക്ഷം രൂപ യെമന് സര്ക്കാരില് അടയ്ക്കണം.
തുക യെമന് ഭരണകൂടത്തിന് നല്കിയാല് പ്രാരംഭ ചര്ച്ചയ്ക്ക് അനുമതി നേടാം. ഇതിനുള്ള പണം സമാഹരിക്കാനാണ് ആക്ഷന് കൗണ്സിലിന്റെ തീരുമാനം. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധനത്തിലുള്ള ചര്ച്ച യെമന് ഭരണകൂടത്തിന്റെ അനുമതി ലഭിച്ച ശേഷമാകും നടക്കുക.
യെമനിലെ സനായിലെത്തി നിമിഷപ്രിയയെ അമ്മ പ്രേമകുമാരി കണ്ടിരുന്നു. ഇന്ത്യന് എംബസി ഉദ്യോഗസ്ഥര്ക്കൊപ്പമായിരുന്നു സന്ദര്ശനം. പന്ത്രണ്ട് വര്ഷങ്ങള്ക്ക് ശേഷമായിരുന്നു പ്രേമകുമാരി മകളെ കണ്ടത്. 2017 ജൂണ് 25നായിരുന്നു വധശിക്ഷയ്ക്ക് ആധാരമായ കൊലപാതകം നടന്നത്. യെമന് പൗരനായ തലാല് അബ്ദു മഹ്ദിയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്നതാണ് കേസ്. യെമനിലെ പരമോന്നത കോടതിയായ സുപ്രീം ജുഡീഷ്യല് കൗണ്സില് നിമിഷപ്രിയയുടെ വധശിക്ഷ കഴിഞ്ഞ നവംബറില് ശരിവെച്ചു. ഡല്ഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്ന്നാണ് പ്രേമകുമാരിക്കും സംഘത്തിനും യെമനിലേക്ക് യാത്രചെയ്യാന് കേന്ദ്ര സര്ക്കാരിന്റെ അനുമതി ലഭിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പ് 2024: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്, 96 മണ്ഡലങ്ങള് വിധിയെഴുതും