കോട്ടയം: സംസ്ഥാനത്ത് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലൊന്ന് മത്സരിക്കാൻ വേണമെന്ന ആവശ്യവുമായി ജോസ് കെ മാണി. വിജയ സാധ്യതയുള്ള ഒരു സീറ്റ് വേണമെന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം. സീറ്റിന് വേണ്ടി ശക്തമായി വാദിക്കാൻ കോട്ടയത്ത് ചേർന്ന പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേക്കേറിയപ്പോൾ പാർട്ടിക്ക് ഒരു രാജ്യസഭാ സീറ്റ് ഉണ്ടായിരുന്നു. ഇത് തുടർന്നും വേണമെന്നതാണ് ആവശ്യം.
ഇടതുമുന്നണിക്ക് തുടർഭരണം ലഭിച്ചത് മാണിഗ്രൂപ്പിന്റെ ചുവടുമാറ്റം കാരണമാണെന്നും അതുകൊണ്ടുതന്നെ പാർട്ടിക്ക് രാജ്യസഭാ സീറ്റിന് അർഹതയുണ്ടെന്നുമാണ് ജോസ് കെ മാണിയുടെ നിലപാട്. ഇക്കാര്യം അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ സിപിഐയുടെ സിറ്റ് സിപിഐക്ക് തന്നെ എന്ന് ബിനോയ് വിശ്വവും വ്യക്തമാക്കിക്കഴിഞ്ഞു. ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്നും കേരള കോൺഗ്രസ് എം സുഹൃത്തുക്കളാണാണെന്നും എൽഡിഎഫിന് ഒരു സംസ്കാരം ഉണ്ടെന്നും കൂടി ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. എന്നാൽ ഈ വിഷയം പരസ്യമായി ചർച്ച ചെയ്യാനില്ലെന്നതാണ് ജോസ് കെ മാണി വ്യക്തമാക്കുന്നത്.
സിപിഐഎമ്മിന്റെ എളമരം കരീം, സിപിഐയുടെ ബിനോയ് വിശ്വം, പിന്നെ ജോസ് കെ മാണി എന്നിവരുടെ രാജ്യസഭാ കാലാവധിയാണ് അവസാനിക്കുന്നത്. രണ്ട് സീറ്റുകളിൽ ഇടത് മുന്നണിക്കും ഒരു സീറ്റിൽ യുഡിഎഫിനും വിജയിക്കാനാകുമെന്നതാണ് സഭയിലെ നിലവിലെ സാഹചര്യം. മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥിയാകും ഒരു സീറ്റിൽ മത്സരിക്കുക. അക്കാര്യത്തിൽ യുഡിഎഫിൽ ധാരണയായിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാമതൊരു സീറ്റുകൂടി ആവശ്യപ്പെട്ട ലീഗിനെ അനുനയിപ്പിക്കാനാണ് രാജ്യസഭാ സീറ്റെന്ന ധാരണയുണ്ടാക്കിയത്.
ജയസാധ്യതയുള്ള രണ്ടിൽ ഒരു സീറ്റിലേക്ക് സിപിഐഎം മത്സരിക്കും. മറ്റേതിൽ മത്സരിക്കുക സിപിഐ ആയിരിക്കുമെന്നത് ബിനോയ് വിശ്വം വ്യക്തമാക്കിയും കഴിഞ്ഞു. ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് ചുവടുമാറിയതോടെ രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. എന്നാൽ പിന്നീട് ഇടതുമുന്നണിയുടെ പിന്തുണയോടെ വീണ്ടും എംപിയായി. എന്നാൽ ഇത്തവണ എൽഡിഎഫിന്റെ രണ്ട് സീറ്റുകളിൽ കൂടി മത്സരം നടക്കുന്നതിനാൽ യുഡിഎഫിന് ഒരു സീറ്റിൽ ജയസാധ്യത ലഭിക്കുകയായിരുന്നു.