പൊന്നാനി: ബോട്ട് അപകടത്തില് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. പൊന്നാനി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം നാലു മണിയോടെ മൃതദേഹങ്ങൾ ഖബറടക്കി. പൊന്നാനി അഴീക്കൽ സ്വദേശി അബ്ദുൽ സലാം, ഗഫൂർ എന്നിവരാണ് മരിച്ചത്.
ആറ് പേരാണ് ബോട്ടില് ഉണ്ടായിരുന്നത്. നാല് പേരെ രക്ഷപ്പെടുത്തി. രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. പൊന്നാനിയില് നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച പോയ ഇസ്ലാഹ് എന്ന ബോട്ടാണ് അപകടത്തില്പ്പെട്ടത്. ചാവക്കാട് മുനമ്പില് നിന്നും 2 നോട്ടിക്കല് മൈല് അകലെയാണ് അപകടം ഉണ്ടായത്. അപകടത്തില് ബോട്ട് തകര്ന്നതോടെ രണ്ട് തൊഴിലാളികളെ കാണാതാവുകയായിരുന്നു. ഇടക്കഴിയൂര് ഭാഗത്തുനിന്നും പടിഞ്ഞാറ് കടലില് നിന്നാണ് ഇവരുടെ മൃതദേഹം കിട്ടിയത്.
സംഭവത്തിൽ സാഗർ യുവരാജ് കപ്പൽ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ മുനക്കക്കടവ് കോസ്റ്റൽ പൊലീസ് ആണ് കേസ് എടുത്തത്. കപ്പൽ കസ്റ്റഡിയിൽ എടുക്കുമെന്നും തൃശ്ശൂർ മുനക്കക്കടവ് കോസ്റ്റൽ സി ഐ സിജോ വർഗീസ് റിപ്പോർട്ടറിനോട് പറഞ്ഞു.
ഐപിസി 304, 337 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അലക്ഷ്യമായി കപ്പലോടിച്ചതിനും, ജീവഹാനി വരുത്തിയതിനുമാണ് കേസ്. ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപറേഷൻ ഏറ്റെടുത്ത, കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കപ്പലാണ് സാഗർ യുവരാജ്.