കണ്ണൂർ: വടകരയിൽ ലഭിച്ച രാഷ്ട്രീയ മുൻതൂക്കം കെ എസ് ഹരിഹരന്റെ വിവാദ പരാമർശത്തിലൂടെ നഷ്ടപ്പെടുത്തിയെന്ന് യു ഡി എഫിൽ അമർഷം. വടകരയിൽ ജയിച്ചാൽ പോലും ആ വിജയത്തിന്റെ തിളക്കം കുറയ്ക്കുന്നതാണ് ഹരിഹരന്റെ നടപടിയെന്നാണ് അടക്കം പറച്ചിൽ. പാളയത്തിൽ നിന്ന് തന്നെ എതിർപ്പ് ഉയർന്നതോടെയാണ് ആർ എം പി നേതാവ് കെ എസ് ഹരിഹരൻ മാപ്പുപറഞ്ഞതെന്നാണ് വിവരം.
കുതിച്ചു കയറാൻ നിന്ന യുഡിഎഫ് നേതൃത്വം വടകരയിൽ ഇപ്പോൾ കിതച്ചു നിൽക്കുകയാണ്. അടിക്ക് തിരിച്ചടി ലഭിച്ചതോടെ മറുപടി നൽകാൻ വാക്കുകളില്ല. കാഫിർ പരാമർശത്തിൽ പൊലീസ് അന്വേഷണം ഇഴഞ്ഞതോടെ വ്യാജ നിർമ്മിതിയുടെ ഉത്തരവാദിത്തം സിപിഐഎമ്മിലേക്ക് ചൂണ്ടുമ്പോഴാണ് കെ എസ് ഹരിഹരന്റെ വാ വിട്ട വാക്ക്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുത്ത പരിപാടിയിലെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ യുഡിഎഫ് നേതൃത്വം തീർത്തും പ്രതിരോധത്തിലാണ്.
തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ തനിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടക്കുന്നുവെന്ന കെ കെ ശൈലജയുടെ ആരോപണത്തിൽ ഒരു വിധം മറുപടി നൽകി പ്രതിരോധം സൃഷ്ടിക്കുന്നതിനിടെയാണ് തിരിച്ചടി. ആർഎംപിയുടെ മുതിർന്ന അംഗത്തിൽ നിന്നുണ്ടായ പരാമർശത്തെ ഏതാണ്ട് മുഴുവൻ നേതാക്കളും തള്ളുമ്പോഴും ജാള്യത മറയ്ക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം. ഹരിഹരൻ നിർവ്യാജം ഖേദം പ്രകടിപ്പിച്ച് മാപ്പ് പറയുമ്പോഴും രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് യു ഡി എഫിനുണ്ടായത്.
കെ എസ് ഹരിഹരനെതിരെ കേസെടുത്ത് പൊലീസ്; നടപടി കെ കെ ശൈലജയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ