മലപ്പുറം: ആർഎംപി നേതാവ് ഹരിഹരന്റെ വീടിനു മുൻപിലെത്തി അസഭ്യം പറഞ്ഞ കേസിൽ പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തേഞ്ഞിപ്പലത്ത് നിന്നാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. വാഹനം ഉപയോഗിച്ച അഞ്ചു പേരും ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടു കേസുകളിലായാണ് അന്വേഷണം നടത്തുന്നതെന്ന് പൊലീസ്. ഹരിഹരൻ്റെ വീടിനു മുന്നിൽ വാഹനത്തിൽ എത്തി അസഭ്യം പറഞ്ഞതിനും വീടിന്റെ ഗെയിറ്റിനു മുന്നിലെ പൊട്ടിത്തെറിയിലുമാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
മെയ് 12ന് രാത്രി 8.15ഓടെ ഹരിഹരന്റെ വീടിന് നേരെ സ്ഫോടന വസ്തു എറിഞ്ഞതായിട്ടായിരുന്നു പരാതി. ഗേറ്റിന് നേരെയാണ് മാരക ശബ്ദമുള്ള സ്ഫോടകവസ്തു എറിഞ്ഞത്. സ്കൂട്ടറിലെത്തിയ സംഘമാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പടക്കം പൊട്ടിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസ് എടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയാണ് കേസ്.
ഹരിഹരന്റെ വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞത് ഡിവൈഎഫ്ഐ- സിപിഐഎം പ്രവര്ത്തകരെന്ന് പൊലീസിന്റെ പ്രഥമ വിവര റിപ്പോര്ട്ടിൽ വ്യക്തമാക്കിയിരുന്നു. ഹരിഹരനെയും കുടുംബത്തെയും അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോർട്ടിലുണ്ട്. നിരോധിത സ്ഫോടക വസ്തു ഉപയോഗിച്ചാണ് അക്രമം നടത്തിയതെന്നും രാഷ്ട്രീയവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും എഫ്ഐആറില് പറഞ്ഞിട്ടുണ്ട്.
നേരത്തെ വടകരയിൽ സിപിഐഎം വർഗീയതക്കെതിരെ യുഡിഎഫ് - ആർഎംപി സംഘടിപ്പിച്ച പരിപാടിയിൽ ഹരിഹരൻ നടത്തിയ പരാമർശത്തെ തുടർന്നാണ് വീടിന് നേരെ ആക്രമണമുണ്ടായത്. 'ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാകും' എന്നായിരുന്നു ഹരിഹരന്റെ പരാമർശം. പിന്നാലെ അദ്ദേഹം മാപ്പ് പറഞ്ഞിരുന്നു. സംഭവത്തിൽ കെ കെ ശൈലജയോടും നടി മഞ്ജു വാര്യരോടും മാപ്പ് പറയുന്നതായി കെ എസ് ഹരിഹരൻ റിപ്പോർട്ടർ ടിവിയിലെ ഡിബേറ്റ് വിത്ത് അരുൺ കുമാറിലും ആവർത്തിച്ചിരുന്നു. തനിക്ക് സംഭവിച്ചത് രാഷ്ട്രീയ പിഴവാണ്. അനവസരത്തിലുള്ള തെറ്റായ പ്രയോഗമാണ്. ബോധപൂർവ്വം ഉദ്ദേശിച്ചതല്ലെന്നും പൂർണമായ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ മാപ്പ് പറയുന്നുവെന്നായിരുന്നു കെ എസ് ഹരിഹരൻ്റെ വിശദീകരണം.