കൊച്ചി കരുവന്നൂര് സഹകരണ ബാങ്ക് തട്ടിപ്പുകേസില് പ്രതികള്ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില് പങ്കുണ്ടെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില് വ്യക്തമാക്കി. കേസിലെ പ്രതികളായ പി ആര് അരവിന്ദാക്ഷന്, പി സതീഷ്കുമാര്, സി കെ ജില്സ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് ഹൈക്കോടതിയില് ഇഡിയുടെ വിശദീകരണം. ഇടനിലക്കാരനായ സതീഷ്കുമാര് മുഖ്യപ്രതി കിരണ് വഴി അനധികൃത വായ്പയായും മറ്റും 25 കോടി രൂപയെങ്കിലും കൈപ്പറ്റിയിട്ടുണ്ട്. ഇതില് 14 കോടിയോളം രൂപ മറ്റു പ്രതികള്ക്ക് കൈമാറിയിട്ടുണ്ടെന്നും ഈ പണം നിയമപരമല്ലെന്ന് അറിഞ്ഞു തന്നെയാണ് മറ്റു പ്രതികള് തിരിമറി നടത്തിയതെന്നും ഇഡി പറഞ്ഞു.
ഈ തുക കള്ളപ്പണമല്ലെന്ന് സ്ഥാപിക്കാന് ശ്രമമുണ്ടായെന്നും ഇത് രാജ്യത്തിനെതിരായ കുറ്റകൃത്യമായി കണക്കാക്കണമെന്നും ഇഡി കോടതിയില് വാദിച്ചു. പ്രതികളുടെ നടപടികള് കള്ളപ്പണം വെളുപ്പിക്കല് തടയുന്ന നിയമമനുസരിച്ച് കുറ്റകരമാണ് എന്ന് ഇഡിക്കു വേണ്ടി ഹാജരായ അഡീഷണല് സോളിസിറ്റര് ജനറല് ലക്ഷ്മണ് സുന്ദരേശന് വാദിച്ചു. എന്നാല്, കൂട്ടുപ്രതികളുടെ മൊഴി കണക്കിലെടുത്തുള്ള ഇഡിയുടെ അവകാശവാദങ്ങള് അംഗീകരിക്കാനാകില്ല എന്നാണ് പ്രതികള് വാദിച്ചത്.
ഡല്ഹി ആദായ നികുതി ഓഫീസില് തീപിടിത്തം; ഒരാള് മരിച്ചുകൂട്ടുപ്രതികളുടെ മൊഴികള് എങ്ങനെ തെളിയിക്കുമെന്ന് ഇതിനിടെ കോടതി ആരാഞ്ഞു. ആദായ നികുതി റിട്ടേണ്, പ്രതികളുമായി ബന്ധമുള്ള ദേവി ഫിനാന്സിന്റെ ബാലന്സ് ഷീറ്റ്, ബാങ്ക് അക്കൗണ്ട് രേഖകള്, വിചാരണ കോടതിയുടെ കണ്ടെത്തലുകള് എല്ലാം ഇക്കാര്യങ്ങള് തെളിയിക്കുന്നതാണെന്നായിരുന്നു ഇഡിയുടെ മറുപടി. പ്രതിഭാഗത്തിന് മറുപടി സമര്പ്പിക്കാന് സമയമനുവദിച്ച ജസ്റ്റിസ് സി എസ് ഡയസ് കേസ് വീണ്ടും ഈ മാസം 29നു പരിഗണിക്കും. വടക്കാഞ്ചേരി നഗരസഭ കൗണ്സിലറായ പി ആര് അരവിന്ദാക്ഷന് കേസില് മൂന്നാം പ്രതിയും സതീഷ് കുമാറും പി പി കിരണും ഒന്നും രണ്ടും പ്രതികളുമാണ്.