ആലപ്പുഴ: കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തില് അവിശ്വാസ പ്രമേയം പാസായി. കോണ്ഗ്രസിനൊപ്പം മൂന്ന് സിപിഐഎം അംഗങ്ങളും അവിശ്വാസത്തില് ഒപ്പിട്ടു. 25 വര്ഷം തുടര്ച്ചയായി സിപിഐഎമ്മാണ് രാമങ്കരി പഞ്ചായത്ത് ഭരിച്ചത്. ഭരണം നഷ്ടമായതോടെ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎം വിട്ടു. സിപിഐഎമ്മുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് പ്രസിഡന്റായിരുന്ന രാജേന്ദ്രകുമാര് പറഞ്ഞു. സിപിഐഎം പിന്തുണയോടെയായിരുന്നു പ്രസിഡന്റിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
സിപിഐഎം അംഗമായി ജയിച്ചെങ്കിലും പാര്ട്ടിയോട് സഹകരിക്കാത്തതിനാലാണ് പഞ്ചായത്ത് പ്രസിഡന്റ് ആര്. രാജേന്ദ്രകുമാറിനെതിരായ അവിശ്വാസത്തെ സിപിഐഎം പിന്തുണച്ചത്. 13 അംഗ ഭരണ സമിതിയില് സിപിഐഎമ്മിന് ഒന്പത് അംഗങ്ങള് ഉണ്ടായിരുന്നു. നേതൃത്വവുമായുള്ള ഭിന്നതയെ തുടര്ന്ന് രാജേന്ദ്രകുമാറിന്റെ നേതൃത്വത്തില് 6 പേര് സിപിഐഎമ്മുമായുള്ള ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. സിപിഐയുമായി ബന്ധപ്പെട്ടാണ് ഇവര് പ്രവര്ത്തിക്കുന്നതെങ്കിലും സാങ്കേതികമായി സിപിഐഎം പാര്ലമെന്ററി പാര്ട്ടിയില് അംഗങ്ങളാണ്. രാമങ്കരിയില് ഉണ്ടായ ഭിന്നതയാണ് കുട്ടനാട്ടില് സിപിഐഎം-സിപിഐ തര്ക്കമായി മാറിയത്.
യുഡിഎഫിന് നാല് അംഗങ്ങളാണുള്ളത്. മൂന്ന് സിപിഐഎം അംഗങ്ങളും യുഡിഎഫ് അവിശ്വാസ നോട്ടീസില് ഒപ്പിട്ടിരുന്നു ഇവരോട് ഏരിയ കമ്മിറ്റി വിശദീകരണം ചോദിച്ചിട്ടുണ്ട്.