തിരുവനന്തപുരം: പന്തീരാങ്കാവിലെ ഭര്തൃവീട്ടില് പറവൂര് സ്വദേശിനി ഗുരുതര അക്രമങ്ങൾ നേരിട്ടിട്ടുണ്ടെന്ന് ബോധ്യമായതായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പരാതിയിലെ കാര്യങ്ങള് വായിച്ചപ്പോള് ഇക്കാര്യം ബോധ്യപ്പെട്ടു. പെൺകുട്ടിക്ക് സാരമായി പരിക്ക് പറ്റിയിട്ടുണ്ട്. വനിതാ കമ്മിഷൻ പരാതി സ്വീകരിച്ചുവെന്നും പൊലീസിനെ വിളിപ്പിച്ച് കടുത്ത ഭാഷയിൽ നിർദേശം നൽകിയിട്ടുണ്ടെന്നും സതീദേവി മാധ്യമങ്ങളോട് പറഞ്ഞു.
ക്രൂരമായി ആക്രമിച്ച ഭർത്താവിനെ പിന്തുണച്ച, ശാരീരിക പീഡനം ഭർത്താവിന്റെ അവകാശമാണെന്ന് കരുതുന്ന പൊലീസുകാർ പൊലീസ് സേനയ്ക്ക് അപമാനമാണ്. വിദ്യാ സമ്പന്നരായിട്ടുള്ള പെൺകുട്ടികൾക്ക് ഇത്തരം അനുഭവങ്ങൾ നേരിടുന്നത് വേദനാജനകമാണ്. കെട്ടുകണക്കിന് സ്വർണം അണിഞ്ഞു വിവാഹത്തിന് പങ്കെടുക്കണം എന്ന ധാരണ തെറ്റാണ്. പെൺകുട്ടികളെ കേവലം ശരീരമായി മാത്രം കാണരുത്. പെൺകുട്ടിയെ കാണുകയും എല്ലാ പിന്തുണയും നൽകുകയും ചെയ്യുമെന്നും സതീദേവി വ്യക്തമാക്കി.
യുവതിയോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പ്രതി രാഹുലിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. യുവതി കള്ളം പ്രചരിപ്പിക്കുകയാണ്. മർദനം നടന്നുവെന്നത് ശരിയാണെന്നും പെൺകുട്ടിയുടെ ഫോൺ ചാറ്റ് പിടികൂടിയതാണ് മർദനത്തിന് കാരണമെന്നും രാഹുലിന്റെ അമ്മ പറഞ്ഞു. രാഹുൽ ഇന്നലെ ഉച്ച മുതൽ വീട്ടിൽ ഇല്ല. എവിടെ പോയെന്ന് തനിക്ക് അറിയില്ലെന്നും അമ്മ വ്യക്തമാക്കി. സൈബർ സെൽ പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചാൽ കാര്യങ്ങൾ മനസ്സിലാകുമെന്നും രാഹുലിന്റെ അമ്മ പറഞ്ഞു.
പറവൂര് സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്തൃവീട്ടില് ക്രൂരമായ ഗാര്ഹിക പീഡനത്തിന് ഇരയായത്. എറണാകുളത്ത് നിന്ന് വിവാഹ സല്ക്കാരചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള് കണ്ടത്. വീട്ടുകാര് യുവതിയുടെ മുഖത്തും കഴുത്തിലും മര്ദനമേറ്റതിന്റെ പാടുകള് കണ്ട് കാര്യം തിരക്കിയപ്പോഴാണ് മര്ദന വിവരം പുറത്തറിഞ്ഞത്. മെയ് 5-ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.
പന്തീരാങ്കാവ് പീഡനം:രാഹുൽ വിവാഹ തട്ടിപ്പുവീരൻ? ബന്ധം വേര്പ്പെടുത്താതെ വീണ്ടും വിവാഹം,തെളിവ് ലഭിച്ചു