മലപ്പുറം: പെട്രോൾ അടിച്ച ശേഷം പണത്തിന് പകരം മൊബൈൽ ഫോൺ നൽകിയത് ചോദ്യം ചെയ്തതിന് പമ്പ് അടിച്ച് തകർത്തു. മലപ്പുറം പുത്തനത്താണി തിരുന്നാവായ റോഡിലെ ഇന്ത്യൻ ഓയിൽ പെട്രോള് പമ്പിലായിരുന്നു കാർ യാത്രികന്റെ പരാക്രമം.
തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ പുത്തനത്താണി-തിരുന്നാവായ റോഡിലെ ഇന്ത്യന് ഓയില് കോര്പ്പറേഷന് പമ്പിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച പുലര്ച്ചെ ഒരു മണിയോടെ പമ്പിലെത്തിയ പ്രതി 200 രൂപയ്ക്ക് ഇന്ധനം നിറച്ചു. പണം ചോദിച്ചതോടെ കയ്യില് കാശില്ലെന്നു പറഞ്ഞ് മൊബൈല് ഫോണ് പമ്പില് ഏല്പ്പിച്ച് മുങ്ങി. രാവിലെ വീണ്ടുമെത്തി 200 രൂപയ്ക്ക് ഇന്ധനം അടിച്ചപ്പോള് ജീവനക്കാര് പണം ആവശ്യപ്പെട്ടു.ഇതിനു പിന്നാലെയായിരുന്നു പ്രതിയുടെ പരാക്രമം. കാറില് കരുതിയിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് പമ്പിന്റെ ഓഫീസ് അടിച്ചു തകര്ത്ത പ്രതി പെട്രോള് ഡിസ്പെന്സറും തല്ലിത്തകര്ത്തു.
ആക്രമണത്തിൽ ഓഫീസിന്റെ ഗ്ലാസ് പാളി തെറിച്ച് പമ്പ് ജീവനക്കാരനും പരിക്കേറ്റു. എന്നാൽ ഈ പരാക്രമങ്ങൾക്ക് എല്ലാം ശേഷം രാത്രി നല്കിയ മൊബൈല് ഫോൺ പോലും തിരിച്ചു വാങ്ങാതെ തന്നെ പ്രതി തിരിച്ചുപോയി. തെക്കൻ കുറ്റൂർ വലിയപറമ്പ് സ്വദേശി കല്ലിങ്ങൽ ഷാജഹാനാണ് അക്രമം നടത്തിയത്. പ്രതിയെ പിന്നാലെ കൽപ്പകഞ്ചേരി പൊലീസ് പിടികൂടി.