ന്യൂഡൽഹി: പിവി ശ്രീനിജൻ എംഎൽഎയെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്ക് എതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഷാജൻ സ്കറിയയുടെ അറസ്റ്റിനുള്ള വിലക്ക് നീക്കണമെന്ന് സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഷാജൻ സ്കറിയ ഇക്കിളിപ്പെടുത്തുന്ന വാർത്തകളിലൂടെ അജണ്ട സൃഷ്ടിക്കുന്നുവെന്നും സർക്കാർ അറിയിച്ചു. സുപ്രീം കോടതി ഇടപെടലിന് ശേഷവും ഷാജൻ സ്കറിയ മോശം പരാമർശം നടത്തി. ഇതിലൂടെ ഷാജൻ സ്കറിയയുടെ ക്രിമിനൽ ലക്ഷ്യം വ്യക്തമെന്നും സർക്കാർ ചൂണ്ടിക്കാണിച്ചു. ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി വിധി പറയാൻ മാറ്റി.
നേരത്തെ പി വി ശ്രീനിജൻ എംഎൽഎയുടെ പരാതിയിൽ പട്ടികജാതി/പട്ടികവർഗ്ഗ നിയമപ്രകാരം ഷാജൻ സ്കറിയയ്ക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിൽ മുൻകൂർ ജാമ്യം തേടിയാണ് ഷാജൻ സ്കറിയ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഇതേ തുടർന്ന് സുപ്രീം കോടതി ഷാജൻ സ്കറിയയുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യാനുള്ള സുപ്രീം കോടതി വിലക്ക് നീക്കണമെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്.