നാക്കിലെ കെട്ട് ശ്രദ്ധയില്പ്പെട്ടു, ഡോക്ടര് അതിന് പ്രാധാന്യം നല്കി: ന്യായീകരണവുമായി കെജിഎംസിടിഎ

അന്വേഷണ വിധേയമായി പ്രൊഫസറെ സസ്പെന്ഡ് ചെയ്ത നടപടി അധ്യാപകരുടെ ആത്മവീര്യം തകര്ക്കുന്നതാണെന്നും സംഘടന

dot image

കോഴിക്കോട്: കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് നാലുവയസുകാരിക്ക് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില് ഡോക്ടറെ ന്യായീകരിച്ച് കേരള ഗവണ്മെന്റ് മെഡിക്കല് കോളേജ് ടീച്ചേര്സ് അസോസിയേഷന് (KGMCTA). നാക്കിന്റെ വൈകല്യത്തിന് ഡോക്ടര് പ്രാധാന്യം നല്കിയത് കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് വാദം. ഭാവിയില് ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള് കണക്കിലെടുത്താണ് ഇതിന് പ്രഥമ പരിഗണന നല്കിയതെന്നും കെജിഎംസിടിഎ കോഴിക്കോട് യൂണിറ്റ് പ്രതികരിച്ചു.

അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാര്ത്ത തെറ്റിദ്ധാരണാജനകമാണ്. കൃത്യമായ അന്വേഷണം നടത്താതെയും ധൃതി പിടിച്ചും നടത്തിയ സസ്പെന്ഷന് നിര്ഭാഗ്യകരമാണ്. അന്വേഷണ വിധേയമായി പ്രൊഫസറെ സസ്പെന്ഡ് ചെയ്ത നടപടി അധ്യാപകരുടെ ആത്മവീര്യം തകര്ക്കുന്നതാണെന്നും സംഘടന പ്രസ്താവനയില് പറയുന്നു.

'കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ആറാംവിരല് നീക്കം ചെയ്യേണ്ട ശസ്ത്രക്രിയയ്ക്ക് എത്തിയ കുട്ടിക്ക് നാക്കിന്നടിയിലായി കെട്ട് ശ്രദ്ധയില്പ്പെട്ടിരുന്നു. നാക്കിനടിയിലെ ചെറിയ വൈകല്യം ആയതിനാല് രക്ഷിതാക്കളുടെ ശ്രദ്ധയില് പെടാറില്ല. നാവിലെ കെട്ട് അഴിച്ചു കൊടുക്കാതിരുന്നാല് ഇപ്പോള് പ്രത്യക്ഷ പ്രശ്നങ്ങള് ഇല്ലെങ്കിലും ഭാവിയില് സംസാര വൈകല്യത്തിനു കാരണമാകാം. പൂര്ണമായി വികസിച്ചു കഴിഞ്ഞാല് സംസാര വൈകല്യം ചികിത്സിച്ചു ഭേദമാക്കാന് ബുദ്ധിമുട്ടായതില് ഇതിന് പ്രഥമ പരിഗണന നല്കി കുട്ടിയെ ആ ശസ്ത്രക്രിയയ്ക്കു പോസ്റ്റ് ചെയ്യുകയായിരുന്നു.

നാക്കില് കെട്ട് ഇല്ലാത്ത കുട്ടികളില് ഈ ശസ്ത്രക്രിയ സാധ്യമല്ല. ഈ ശസ്ത്രക്രിയയ്ക്കു ശേഷം ആറാം വിരലിന്റെ ശസ്ത്രക്രിയ ഇപ്പോള് തന്നെ ചെയ്യണമെന്ന് മാതാപിതാക്കള് ആവശ്യപ്പെട്ടതിനാല് അതും ചെയ്തു. നാക്കിന്റെ താഴെ പാട പോലെ കാണുന്നതു നാക്കിലെ കെട്ട് ആണ്. ഇതാണു ശസ്ത്രക്രിയ ചെയ്തു മാറ്റിയത്. ഇത് ശസ്ത്രക്രിയയ്ക്കു ശേഷം കുട്ടിയുടെ മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കി. ഇതല്ലാതെ നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്', കെജിഎംസിടിഎ പ്രതികരിച്ചു.

കോഴിക്കോട് മെഡിക്കല് കോളേജിലെ ചികിത്സാ പിഴവ്: കേസെടുത്ത് പൊലീസ്
dot image
To advertise here,contact us
dot image