തിരുവനന്തപുരം: ജോണ് മുണ്ടക്കയവുമായി സോളാര് കേസുമായി ബന്ധപ്പെട്ട സമരം ചര്ച്ച ചെയ്തിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് എം പി. സോളാര് സമരവുമായി ബന്ധപ്പെട്ട് അന്നത്തെ ആഭ്യന്തരമന്ത്രിയായ തിരുവഞ്ചൂര് രാധാകൃഷ്ണന് താനുമായി ബന്ധപ്പെടുകയായിരുന്നുവെന്നും ജോണ് ബ്രിട്ടാസ് വെളിപ്പെടുത്തി. കൈരളി ടിവിയില് പ്രവര്ത്തിച്ചിരുന്ന ചെറിയാന് ഫിലിപ്പിന്റെ ഫോണിലേയ്ക്ക് തിരുവഞ്ചൂര് വിളിക്കുകയും തനിക്ക് ഫോണ് കൈമാറുകയുമായിരുന്നു എന്നാണ് ജോണ് ബ്രിട്ടാസ് വെളിപ്പെടുത്തുന്നത്.
സര്ക്കാര് ഏതുനിലയ്ക്കുള്ള ഒത്തുതീര്പ്പിനും തയ്യാറാണെന്നും പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള് അംഗീകരിക്കാന് തയ്യാറാണെന്നുമുള്ള നിലപാടാണ് തിരുവഞ്ചൂര് ഫോണില് അറിയിച്ചത്. ദയവ് ചെയ്ത് എന്തെങ്കിലും നിര്ദ്ദേശങ്ങള് ഉണ്ടെങ്കില് അറിയിക്കണമെന്ന് തിരുവഞ്ചൂര് ആവശ്യപ്പെട്ടതായും ബ്രിട്ടാസ് പറഞ്ഞു. സിപിഐഎം നേതൃത്വത്തെ ഈ വിഷയം അറിയിക്കണമെന്ന് തിരുവഞ്ചൂര് രാധാകൃഷ്ണന് തന്നോട് നിര്ദ്ദേശിച്ചുവെന്നും ജോണ് ബ്രിട്ടാസ് വ്യക്തമാക്കി. ജോണ് മുണ്ടക്കയത്തെയോ തിരുവഞ്ചൂര് രാധാകൃഷ്ണനെയോ താന് വിളിച്ചിട്ടില്ലെന്നും ബ്രിട്ടാസ് വെളിപ്പെടുത്തി. അന്നത്തെ കോള് ലിസ്റ്റുകള് എടുത്താല് ഇതെല്ലാം വ്യക്തമാകുമെന്നും ജോണ് മുണ്ടക്കയത്തിന് എവിടെ നിന്നാണ് ഈ കഥ കിട്ടിയതെന്ന് അറിയില്ലെന്നും ബ്രിട്ടാസ് വെളിപ്പെടുത്തി.
പിന്നീട് തുടര്ച്ചയായി പലതവണ തിരുവഞ്ചൂര് ഫോണില് ബന്ധപ്പെട്ടിട്ടുണ്ടെന്നും ജോണ് ബ്രിട്ടാസ് വെളിപ്പെടുത്തി. നേരില് വന്ന് കാണാമെന്ന് പറഞ്ഞപ്പോള് കേരളത്തിന്റെ ആഭ്യന്തരമന്ത്രി ഇങ്ങോട്ട് വന്ന് കാണണ്ട, അങ്ങോട്ട് വരാമെന്ന് പറയുകയായിരുന്നുവെന്നും ബ്രിട്ടാസ് പറഞ്ഞു. തിരുവഞ്ചൂര് രാധാകൃഷ്ണനെ കാണാന് പോയപ്പോള് ചെറിയാന് ഫിലിപ്പും ഉണ്ടായിരുന്നു. തിരുവഞ്ചൂരുമായി സംസാരിച്ച കാര്യങ്ങള് ചെറിയാന് ഫിലിപ്പിന് അറിയാമെന്നും ബ്രിട്ടാസ് വ്യക്തമാക്കി.
ജുഡീഷ്യല് അന്വേഷണം എന്നത് സോളാര് സമരത്തില് ഇടതുപക്ഷത്തിന്റെ ഒരു ആവശ്യമായിരുന്നു. തിരുവഞ്ചൂര് പറഞ്ഞതനുസരിച്ച് സിപിഐഎം നേതൃത്വത്തെ ബന്ധപ്പെട്ടപ്പോള് പറഞ്ഞ നിര്ദ്ദേശം തിരുവഞ്ചൂരിനെ അറിയിച്ചു. പരസ്യമായി ജുഡീഷ്യല് അന്വേഷണം പരസ്യമായി പ്രഖ്യാപിക്കുന്നതിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിനെ ജുഡീഷ്യല് അന്വേഷണപരിധിയില് ഉള്പ്പെടുത്തണമെന്നായിരുന്നു സിപിഐഎം നേതൃത്വത്തിന്റെ നിലപാട്. ഇത് പറഞ്ഞപ്പോള് തിരുവഞ്ചൂര് വൈമുഖ്യം കാണിച്ചു. ഈ വിഷയത്തില് സ്വന്തം നിലയില് തീരുമാനം എടുക്കാന് കഴിയില്ലെന്നായിരുന്നു തിരുവഞ്ചൂരിന്റെ നിലപാട്. അതിനാല് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെ കാണാന് തന്റെയൊപ്പം വരണമെന്ന് തിരുവഞ്ചൂര് ആവശ്യപ്പെടുകയായിരുന്നുവെന്നും ബ്രിട്ടാസ് വെളിപ്പെടുത്തി.
പിന്നീട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമ്പോള് മന്ത്രിമാരായ തിരുവഞ്ചൂര് രാധാകൃഷ്ണനും കുഞ്ഞാലിക്കുട്ടിയും ഒപ്പമുണ്ടായിരുന്നുവെന്നും ജോണ് ബ്രിട്ടാസ് വെളിപ്പെടുത്തി. സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഉമ്മന് ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയത്. അവര്ക്ക് എന്തോ പറയാനുണ്ടെന്ന് പറയുമ്പോള് അത് പോയി കേള്ക്കണം എന്നായിരുന്നു സിപിഐഎം നേതൃത്വത്തിന്റെ നിലപാടെന്നും ബ്രിട്ടാസ് വെളിപ്പെടുത്തി. ജൂഡീഷ്യല് അന്വേഷണം മാത്രം പോര ജുഡീഷ്യല് അന്വേഷണത്തിന്റെ പരിഗണനാ വിഷയത്തില് മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉള്പ്പെടുത്തണം എന്ന നിര്ദ്ദേശവും സിപിഐഎം നേതൃത്വം നല്കിയിരുന്നുവെന്നും ബ്രിട്ടാസ് വ്യക്തമാക്കി. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് ജുഡീഷ്യല് അന്വേഷണ പരിധിയില് ഉള്പ്പെട്ടതും ജസ്റ്റിസ് ശിവരാജന് കമ്മീഷന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന് ചാണ്ടിയെ ചോദ്യം ചെയ്യാന് വിളിപ്പിച്ചതും ബ്രിട്ടാസ് ചൂണ്ടിക്കാണിച്ചു. ചര്ച്ചയുടെ ആദ്യഘട്ടത്തില് മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയില് ഉള്പ്പെടുത്താനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും പിന്നീട് ഉള്പ്പെടുത്താന് തീരുമാനിക്കുകയായിരുന്നുവെന്നും ബ്രിട്ടാസ് വെളിപ്പെടുത്തി.
എന്ത് വിട്ടുവീഴ്ച ചെയ്തും ഈ സമരം അവസാനിപ്പിക്കണമെന്ന ആഗ്രഹം തിരുവഞ്ചൂര് രാധാകൃഷ്ണനുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ചെറിയാന് ഫിലിപ്പ് വഴി തന്നെ ബന്ധപ്പെട്ടതെന്നും ബ്രിട്ടാസ് ചൂണ്ടിക്കാണിച്ചു. തിരുവഞ്ചൂരിന്റെ തിരക്കഥയായിരിക്കാം ഇപ്പോള് ജോണ് മുണ്ടക്കയം പറയുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.
എൽഡിഎഫിൻ്റെ സോളാർ വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയൽ സമരം തീർത്തത് ഒരു ഫോൺകോൾ വഴിയെന്ന് നേരത്തെ മലയാള മനോരമ തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയം വെളിപ്പെടുത്തിയിരുന്നു. സമരം തീർക്കാൻ ഇടപെട്ടത് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസാണെന്നായിരുന്നു വെളിപ്പെടുത്തൽ. നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ജോൺ ബ്രിട്ടാസിൻ്റെ ഇടപെടലെന്നും ജോൺ മുണ്ടക്കയം വെളിപ്പെടുത്തിയിരുന്നു. ജോൺ ബ്രിട്ടാസ് വിളിച്ച് ഉമ്മൻ ചാണ്ടിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ജോൺ മുണ്ടക്കയം വെളിപ്പെടുത്തിയിരിക്കുന്നത്. സമരം അവസാനിപ്പിക്കേണ്ടേ എന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. നേരത്തെ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം പത്രസമ്മേളനം വിളിച്ചു പറഞ്ഞാൽ മതി എന്നായിരുന്നു ആവശ്യമെന്നും ജോണ് മുണ്ടക്കയം വെളിപ്പെടുത്തി. മലയാളം വാരികയിൽ പ്രസിദ്ധീകരിക്കുന്ന സോളാർ സത്യത്തെ മറച്ച സൂര്യഗ്രഹണം എന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗത്താണ് ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ.