കൊച്ചി: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ മറ്റ് നാലു പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും രേഖപ്പെടുത്തിയിരിക്കുന്ന വ്യാജ ഒപ്പ്. താമിർ ജിഫ്രി മരിച്ചതിന് ശേഷം താമിറിൻ്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയതിൻ്റെ തെളിവുകൾ ഇന്നലെ റിപ്പോർട്ടർ പുറത്തുകൊണ്ടുവന്നിരുന്നു. പ്രതികളുടെ ഇൻസ്പെക്ഷൻ മെമ്മോയുടെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. താമിർ ജിഫ്രിയുടെ മരണം സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് താമിർ ജിഫ്രിയുടെ പേരിൽ ഇൻസ്പെക്ഷൻ മെമ്മോയിൽ താനൂർ പൊലീസ് സ്റ്റേഷനിൽ വ്യാജ ഒപ്പിട്ടത്. വാർത്ത ഇന്നലെ പുറത്തുവന്നതോടെ മറ്റ് പ്രതികളുടെ ഇൻസ്പെക്ഷൻ മെമ്മോയും റിപ്പോർട്ടറിന് കിട്ടി.
നാല് പേരുടെയും വ്യാജ ഒപ്പാണ് ഇൻസ്പെക്ഷൻ മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. താമിർ ജിഫ്രിയെയും സുഹൃത്തുക്കളെയും പിടികൂടിയത് മുതൽ പൊലീസിൻ്റെ ഓരോ നീക്കവും ദുരൂഹവുമായിരുന്നു. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചേളാരിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിന്നാലെ പ്രതികളെ താനൂർ സബ് ഡിവിഷന് കീഴിലെ പൊലീസ് ക്വാട്ടേഴ്സിലേക്ക് കൊണ്ടുവന്നു. താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ കീഴിലുള്ള നാല് ഡാൻസാഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇതെല്ലാം ചെയ്തത്.
കൊണ്ടോട്ടി സബ് ഡിവിഷനിൽ നിന്ന് പ്രതികളെ പിടികൂടി താനൂർ സബ് ഡിവിഷനിലേക്ക് കൊണ്ടു വരണമെങ്കിൽ അത് എസ്പിയും ഡിവൈഎസ്പിയും ഉറപ്പായും അറിയും. മറ്റൊരു സ്ഥലത്ത് നിന്ന് പിടികൂടിയതാണെന്ന് അറിയാവുന്ന മുതിർന്ന ഉദ്യോഗസ്ഥരാണ് താനൂർ എസ്ഐ കൃഷ്ണലാലിനോട് താനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ അറസ്റ്റ് കാണിക്കാൻ നിർദേശിച്ചതും പിന്നാലെ എസ്ഐ കൃഷ്ണലാൽ സസ് പെൻഷനിലാവുന്നതും. താമിർ ജിഫ്രി മരിച്ച് രണ്ടര മണിക്കൂറിന് ശേഷമാണ് താമിറിനെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതെല്ലാം നടന്നത് ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലായിരുന്നു എന്ന് എസ്ഐ കൃഷ്ണലാൽ റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയിരുന്നു.