കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ ആർഎംപി നേതാവ് കെ.എസ്.ഹരിഹരനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ചോദ്യം ചെയ്യലിനായി വടകര പൊലീസ് മുൻപാകെ ഹരിഹരൻ ഹാജരാവുകയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ പരാതിയിലാണ് പൊലീസ് നടപടി. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹരിഹരന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ആർഎംപി പ്രാദേശിക നേതാക്കൾക്കൊപ്പമാണ് ഹരിഹരൻ ചോദ്യം ചെയ്യലിന് ഹാജരായത്.
പ്രസംഗത്തിൽ നിയമപരമായ തെറ്റില്ലെന്നും രാഷ്ട്രീയമായി തെറ്റുണ്ടെന്നുമായിരുന്നു ഹരിഹരൻ്റെ പ്രതികരണം. പൊലീസ് ഇനി വിളിപ്പിച്ചാലും ഹാജരാകുമെന്നും ഹരിഹരൻ വ്യക്തമാക്കി. പൊതു പ്രസംഗമാണ് നടത്തിയത്. ഉപമകളും അലങ്കാരങ്ങളും പ്രസംഗത്തിലുള്ളതാണ്. രാഷ്ട്രീയ തെറ്റ് മനസിലാക്കി തെറ്റ് തിരുത്തി. ഖേദപ്രകടനത്തിൽ തൃപ്തിവരാത്തവർ പരാതി നൽകി. തനിക്കെതിരെയും കെ കെ രമയ്ക്കെതിരെയും വലിയ സൈബർ ആക്രമണം നടന്നുവെന്ന് ആരോപിച്ച ഹരിഹരൻ മാധ്യമ പ്രവർത്തകർ പുനപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. പീഡന കേസിലെ പ്രതിയെ പോലെ ചിത്രീകരിച്ചു. സ്മൃതി പരുത്തിക്കാടിനെതിരെ വളരെ മോശമായി സി പി ഐ എം നേതാവ് പ്രതികരിച്ചു. ആരും പ്രതിഷേധിച്ചില്ലെന്നും ഹരിഹരൻ ചൂണ്ടിക്കാണിച്ചു. തനിക്ക് പാർട്ടി പിന്തുണയുണ്ടെന്നും ഹരിഹരൻ വ്യക്തമാക്കി. 'ഞാൻ പാർട്ടിക്കൊപ്പമുണ്ട്, പാർട്ടി എനിക്കൊപ്പമുണ്ട്' എന്നായിരുന്നു ഹരിഹരൻ്റെ പ്രതികരണം. കൂറയെ കൊല്ലാൻ തോക്കെടുക്കില്ലെന്നും ഹരിഹരൻ വ്യക്തമാക്കി.
കെ കെ ശൈലജയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ കെ എസ് ഹരിഹരനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. വടകര പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മഹിള അസോസിയേഷൻ നേതാവ് പുഷ്പദ നൽകിയ പരാതിയിലാണ് കേസെടുത്തത്.
വടകരയിൽ സിപിഐഎം വർഗീയതക്കെതിരെ യുഡിഎഫ് - ആർഎംപി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ പരാമർശം. 'ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാകും'; എന്നായിരുന്നു ഹരിഹരന്റെ പരാമർശം.
സംഭവത്തിൽ കെ കെ ശൈലജയോടും നടി മഞ്ജു വാര്യരോടും മാപ്പ് പറയുന്നതായി കെ എസ് ഹരിഹരൻ റിപ്പോർട്ടർ ടിവിയിലെ ഡിബേറ്റ് വിത്ത് അരുൺ കുമാറിൽ അറിയിച്ചിരുന്നു. തനിക്ക് സംഭവിച്ചത് രാഷ്ട്രീയ പിഴവാണ്. അനവസരത്തിലുള്ള തെറ്റായ പ്രയോഗമാണ്. ബോധപൂർവ്വം ഉദ്ദേശിച്ചതല്ലെന്നും പൂർണമായ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ മാപ്പ് പറയുന്നുവെന്നും കെ എസ് ഹരിഹരൻ വ്യക്തമാക്കുകയായിരുന്നു.