തൃശ്ശൂർ: സെക്രട്ടറിയേറ്റ് വളയൽ സമരവുമായി ബന്ധപ്പെട്ട് ആദ്യ വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്നെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഫോണിൽ നിന്ന് സംസാരിച്ചത് ജോൺ ബ്രിട്ടാസാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. സമരം തുടരണമെന്ന് എൽഡിഎഫ് ആഗ്രഹിച്ചിരുന്നില്ലെന്ന് സമരരീതി കണ്ടാൽ മനസ്സിലാകും. അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെയായിരുന്നു സമരം തുടങ്ങിയത്. ശാന്തമായി സമരം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു. സമരം തീർക്കണമെന്ന് എൽഡിഎഫിന് ആഗ്രഹമുണ്ടായിരുന്നു. എല്ലാ കാലത്തും പന്ത് തങ്ങളുടെ കോർട്ടിലാണെന്നും തിരുവഞ്ചൂർ പറഞ്ഞു. അത് പോലെ സമരം പിന്നീട് ഉണ്ടാവാതിരുന്നത് എന്ത് കൊണ്ടാണെന്നും തിരുവഞ്ചൂർ ചോദിച്ചു.
സോളാര് സമരവുമായി ബന്ധപ്പെട്ട് അന്നത്തെ ആഭ്യന്തരമന്ത്രിയായ തിരുവഞ്ചൂര് രാധാകൃഷ്ണന് താനുമായി ബന്ധപ്പെടുകയായിരുന്നുവെന്നായിരുന്നു ജോണ് ബ്രിട്ടാസിൻ്റെ പ്രതികരണം. എൽഡിഎഫിൻ്റെ സോളാർ വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയൽ സമരം തീർത്തത് ഒരു ഫോൺകോൾ വഴിയെന്ന് നേരത്തെ മലയാള മനോരമ തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തലിനോടായിരുന്നു ബ്രിട്ടാസിൻ്റെ പ്രതികരണം. സമരം തീർക്കാൻ ഇടപെട്ടത് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസാണെന്നായിരുന്നു ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ. എന്നാൽ കൈരളി ടിവിയില് പ്രവര്ത്തിച്ചിരുന്ന ചെറിയാന് ഫിലിപ്പിന്റെ ഫോണിലേയ്ക്ക് തിരുവഞ്ചൂര് വിളിക്കുകയും തനിക്ക് ഫോണ് കൈമാറുകയുമായിരുന്നു എന്നാണ് ജോണ് ബ്രിട്ടാസ് വെളിപ്പെടുത്തുന്നത്. ബ്രിട്ടാസിൻ്റെ ഈ നിലപാടാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിരാകരിച്ചിരിക്കുന്നത്.
സര്ക്കാര് ഏതുനിലയ്ക്കുള്ള ഒത്തുതീര്പ്പിനും തയ്യാറാണെന്നും പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള് അംഗീകരിക്കാന് തയ്യാറാണെന്നുമുള്ള നിലപാടാണ് തിരുവഞ്ചൂര് ഫോണില് അറിയിച്ചതെന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു. ദയവ് ചെയ്ത് എന്തെങ്കിലും നിര്ദ്ദേശങ്ങള് ഉണ്ടെങ്കില് അറിയിക്കണമെന്ന് തിരുവഞ്ചൂര് ആവശ്യപ്പെട്ടതായും ബ്രിട്ടാസ് പറഞ്ഞു. സിപിഐഎം നേതൃത്വത്തെ ഈ വിഷയം അറിയിക്കണമെന്ന് തിരുവഞ്ചൂര് രാധാകൃഷ്ണന് തന്നോട് നിര്ദ്ദേശിച്ചുവെന്നും ജോണ് ബ്രിട്ടാസ് വ്യക്തമാക്കി. ജോണ് മുണ്ടക്കയത്തെയോ തിരുവഞ്ചൂര് രാധാകൃഷ്ണനെയോ താന് വിളിച്ചിട്ടില്ലെന്നും ബ്രിട്ടാസ് വെളിപ്പെടുത്തി. അന്നത്തെ കോള് ലിസ്റ്റുകള് എടുത്താല് ഇതെല്ലാം വ്യക്തമാകുമെന്നും ജോണ് മുണ്ടക്കയത്തിന് എവിടെ നിന്നാണ് ഈ കഥ കിട്ടിയതെന്ന് അറിയില്ലെന്നും ബ്രിട്ടാസ് വെളിപ്പെടുത്തിയിരുന്നു.
പിന്നീട് തുടര്ച്ചയായി പലതവണ തിരുവഞ്ചൂര് ഫോണില് ബന്ധപ്പെട്ടിട്ടുണ്ടെന്നും ജോണ് ബ്രിട്ടാസ് വെളിപ്പെടുത്തി. നേരില് വന്ന് കാണാമെന്ന് പറഞ്ഞപ്പോള് കേരളത്തിന്റെ ആഭ്യന്തരമന്ത്രി ഇങ്ങോട്ട് വന്ന് കാണണ്ട, അങ്ങോട്ട് വരാമെന്ന് പറയുകയായിരുന്നുവെന്നും ബ്രിട്ടാസ് പറഞ്ഞു. തിരുവഞ്ചൂര് രാധാകൃഷ്ണനെ കാണാന് പോയപ്പോള് ചെറിയാന് ഫിലിപ്പും ഉണ്ടായിരുന്നു. തിരുവഞ്ചൂരുമായി സംസാരിച്ച കാര്യങ്ങള് ചെറിയാന് ഫിലിപ്പിന് അറിയാമെന്നും ബ്രിട്ടാസ് വ്യക്തമാക്കിയിരുന്നു.