കോഴിക്കോട്: മുസ്ലിം ലീഗിൽ രാജ്യസഭാ സീറ്റ് സംബന്ധിച്ച ചർച്ച സജീവമാകുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം, യൂത്ത് ലീഗ് നേതാവ് ഫൈസൽ ബാബു എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. ഇന്ത്യ മുന്നണി അധികാരത്തിൽ എത്തിയാൽ കേന്ദ്രത്തിലെത്താൻ പികെ കുഞ്ഞാലിക്കുട്ടിയും ശ്രമിക്കുന്നതായാണ് വിവരം.
ജൂലൈയിൽ ഒഴിവു വരുന്ന ഒരു സീറ്റ് മുസ്ലിം ലീഗിനെന്ന യുഡിഎഫിലെ ധാരണയ്ക്കു പിന്നാലെയാണ് രാജ്യസഭയിലേക്ക് ആരെ അയക്കുമെന്ന കാര്യത്തിൽ ലീഗിൽ സജീവചർച്ച. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടി പിഎംഎ സലാം ആവശ്യപ്പെട്ടെങ്കിലും സീറ്റ് നൽകിയിരുന്നില്ല. പിന്നീട് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം നൽകി. സമസ്തയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പ് മറികടന്ന് സലാമിന് നറുക്ക് വീഴുമോ എന്നതാണ് കാണേണ്ടത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ യുവാക്കളെ പരിഗണിച്ചില്ലെന്ന പരാതി യൂത്ത് ലീഗിനുണ്ട്. ഈ സാഹചര്യത്തിലാണ് രാജ്യസഭയിലേക്ക് ഫൈസൽ ബാബുവിനെ പരിഗണിക്കുന്നത്. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ സഖ്യകക്ഷി എന്ന നിലയിൽ ഭരണപ്രതിനിത്യം ലഭിക്കാനുള്ള സാധ്യതയും ലീഗ് തള്ളുന്നില്ല. ഇന്ഡ്യ മുന്നണി ഭരണം പിടിച്ചാൽ ഡൽഹിയിലേക്ക് വണ്ടികയറാൻ പി കെ കുഞ്ഞാലിക്കുട്ടിക്കും താൽപ്പര്യമുള്ളതായാണ് വിവരം.