ചെങ്ങന്നൂര്: മാവേലിക്കര ലോക്സഭ മണ്ഡലത്തില് യുഡിഎഫ് സ്ഥാനാര്ത്ഥി കൊടിക്കുന്നില് സുരേഷ് 48,000 വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് സമിതിയുടെ വിലയിരുത്തല്. കഴിഞ്ഞ ദിവസം ചെങ്ങന്നൂരില് ചേര്ന്ന തിരഞ്ഞെടുപ്പ് സമിതി ചെയര്മാന് കെ സി ജോസഫിന്റെ അദ്ധ്യക്ഷതയില് നടന്ന അവലോകന യോഗത്തിലാണ് ഈ വിലയിരുത്തലുണ്ടായത്.
ഏഴ് നിയോജക മണ്ഡലം കമ്മറ്റികള് തയ്യാറാക്കിയ റിപ്പോര്ട്ടുകള് പരിശോധിച്ചാണ്് ഈ നിഗമനം. ഏറ്റവും കൂടുതല് ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത് ചങ്ങനാശ്ശേരിയിലാണ്. 17000-20000 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. കുറവ് ഭൂരിപക്ഷം മാവേലിക്കരയിലാകും. 500-1000 വോട്ടിന്റെ ഭൂരിപക്ഷമാണ് മാവേലിക്കരയിലുണ്ടാകുക. പത്തനാപുരം 10000, കൊട്ടാരക്കര 2000-3000, കുന്നത്തൂര് 7000-10000, കുട്ടനാട് 5000, ചെങ്ങന്നൂര് 8000 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളില് നിന്ന് പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം.
സിപിഐഎമ്മില് നിന്നും ബിജെപിയില് നിന്നും വോട്ട് കിട്ടിയിട്ടുണ്ട്. കുറെയാളുകള് വിദേശത്ത് പോയി മടങ്ങിവരാതെയിരുന്നത് പോളിങ് ശതമാനം കുറയാന് കാരണമായി. ഇവരില് പലരും പരമ്പരാഗതമായി യുഡിഎഫിന് വോട്ട് ചെയ്തിരുന്നവരാണ്. എന്നാല് വോട്ട് ചെയ്യാതെ ഇരുന്നവരിലധികവും സിപിഐഎമ്മിലും ബിജെപിയിലുമുള്ളവരാണെന്നും യോഗം വിലയിരുത്തി. പഴുതടച്ച പ്രവര്ത്തനമാണ് നടത്തിയതെന്നും ഏത് സാഹചര്യത്തിലും വിജയം ഉറപ്പാണെന്നും യോഗം വിലയിരുത്തി.