തിരുവനന്തപുരം: പ്രവാസി മലയാളി വിദ്യാർത്ഥികൾക്കായുള്ള പത്താം തരം തുല്യതാ പരീക്ഷയിൽ 96.15 ശതമാനം വിജയം. റെക്കോർഡ് വിജയമാണ് ഇത്തവണ നേടിയിരിക്കുന്നത്. മലയാളം മിഷന്റെ നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ കോഴ്സ് സർട്ടിഫിക്കറ്റ് എക്സാം നടത്തുന്നത് പരീക്ഷാ ഭവനാണ്.
ആദ്യബാച്ചിൽ നിന്ന് പരീക്ഷയെഴുതിയ 156 വിദ്യാർത്ഥികളിൽ 150 പേരും വിജയിച്ചു. ഇതിൽ 102 പേർ പെൺകുട്ടികളും 48 പേർ ആൺകുട്ടികളുമാണ്. 26 പേർ എ പ്ലസ് ഗ്രേഡ് നേടി. 42 പേർ എ ഗ്രേഡ് നേടി വിജയിച്ചു. 38 പേർക്ക് ബി പ്ലസ് ഗ്രേഡാണ് ലഭിച്ചത്.
പ്രവാസി വിദ്യാർത്ഥികൾ മാതൃഭാഷയിൽ 10ാം തരം തുല്യത എഴുതുന്നത് ചരിത്ര നിമിഷമാണെന്നും രാജ്യത്തുതന്നെ ആദ്യമാണെന്നും ഫലം പ്രഖ്യാപിച്ചുകൊണ്ട് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. മറ്റ് ഭാഷകളിൽ പഠനം നടത്തുന്ന പ്രവാസി കുട്ടികളിൽ മലയാളം പ്രചാരത്തിലെത്തിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
നീലക്കുറിഞ്ഞിക്ക് പുറമെ മറ്റ് മൂന്ന് കോഴ്സുകൾ കൂടി മലയാളം മിഷൻ നൽകുന്നുണ്ട്; കണിക്കൊന്ന(സെർട്ടിഫിക്കറ്റ് കോഴ്സ്), സൂര്യകാന്തി (ഡിപ്ലോമ), ആമ്പൽ (ഹയർ ഡിപ്ലോമ). പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാന പരീക്ഷാ ഭവനാണ് പരീക്ഷ നീലക്കുറിഞ്ഞി സംഘടിപ്പിച്ചത്. നീലക്കുറിഞ്ഞിയെ പത്താം തരം തുല്യതാ പരീക്ഷയായി സംസ്ഥാനം പ്രഖ്യാപിച്ചത് 2019ലാണ്.