മലപ്പുറം: കരിപ്പൂര് ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില് വിഭാഗീയത ആരോപിച്ച് വിവിധ സമുദായ സംഘടനാ നേതാക്കളുടെ യോഗത്തില് കര്മസമിതി രൂപവത്കരിച്ചു. ക്യാമ്പിലെ വൊളന്റിയറായി സേവനംചെയ്യുന്നതിന് പ്രത്യേക സംഘടനയിലെ അംഗമാകണമെന്ന നിബന്ധനയുണ്ടെന്നാണ് ആരോപണം. അത് അംഗീകരിക്കാന് പറ്റാത്തതാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇതുസംബന്ധിച്ച് ഹജ്ജ് കമ്മിറ്റി ചെയര്മാന്റെ വിശദീകരണം വിശ്വാസ്യയോഗ്യമല്ലെന്ന് യോഗം വിലയിരുത്തി. വിഭാഗീയതയുള്ള ഫോം വിതരണംചെയ്തതും സ്വീകരിച്ചതും വെളന്റിയര്മാര്ക്ക് പരിശീലനം നല്കിയതും കരിപ്പൂര് ഹജ്ജ് ഹൗസില് വെച്ചായതിനാല് ഇക്കാര്യം ഹജ്ജ് കമ്മിറ്റി അറിഞ്ഞിട്ടില്ലെന്നത് വിശ്വസിക്കാനാകില്ലെന്നും യോഗം വിലയിരുത്തി.
മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തിഹജ്ജ് ഹൗസിലെ വിവിധ പരിപാടികളില് ജനപ്രതിനിധികളെയും സംഘടനാനേതാക്കളെയും അവഗണിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വിഭാഗീയനടപടികള് തിരുത്താനും ആവര്ത്തിക്കാതിരിക്കാനും ഹജ്ജ് മന്ത്രി, ഹജ്ജ് സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്, ഹജ്ജ് കമ്മിറ്റി ചെയര്മാന് എന്നിവരെ വിവരം ധരിപ്പിക്കാനും യോഗം തീരുമാനിച്ചു.
ടി വി ഇബ്രാഹിം എംഎല്എ യോഗം ഉദ്ഘാടനംചെയ്തു. സുന്നി യുവജനസംഘം മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ബി എസ് കെ. തങ്ങള് അധ്യക്ഷതവഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹസ്സന് സഖാഫി പൂക്കോട്ടൂര് (സമസ്ത), കെ കെ ഷബീര് അലി (കെഎന്എം), സി അബ്ദുല്ലത്തീഫ് (മര്ക്കസു ദഅവ), അബ്ദുള്ള അന്സാരി (വിസ്ഡം), എന് സി അബൂബക്കര് (ജമാഅത്തെ ഇസ്ലാമി), എന് കെ റഷീദ് (വെല്ഫെയര് പാര്ട്ടി), നഗരസഭാധ്യക്ഷ സി ടി ഫാത്തിമത്ത് സുഹ്റാബി, കെ ബിന്ദു, സി കെ അബ്ബാസ്, പി കെ സി അബ്ദുറഹ്മാന്, അഷ്റഫ് മടാന്, കെ കെ മുനീര്, പി വി അഹമ്മദ് സാജു എന്നിവര് പ്രസംഗിച്ചു. ഭാരവാഹികള്: ഹസ്സന് സഖാഫി പൂക്കോട്ടൂര് (ചെയ.), എ കെ അബ്ദുറഹ്മാന് (ജന. കണ്.), എ ഷൗക്കത്തലി (ട്രഷ.).