തിരുവനന്തപുരം: സോളാർ സമരം ഒത്തുതീർപ്പാക്കിയെന്ന വെളിപ്പെടുത്തലില് ജനങ്ങളോട് മറുപടി പറയേണ്ടത് സിപിഐഎം ആണെന്ന് കോണ്ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സമരം തീർക്കേണ്ടത് സിപിഐഎമ്മിന്റെ ആവശ്യമായിരുന്നു. ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽ നിന്നാണ് തനിക്ക് വിളി വന്നത്. ആരാദ്യം വിളിച്ചു എന്നതിൽ ഇനി പ്രസക്തിയില്ല. ചാർട്ട് ഓഫ് ഡിമാന്റിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രാജിയായിരുന്നു സിപിഐഎമ്മിന്റെ ആദ്യ ആവശ്യം. ഇംപോസിബിൾ എന്ന് മറുപടി നൽകി. അപ്പോൾ തന്നെ യുഡിഎഫ് സർക്കാരിന്റെ നിലപാട് ശരിയായിരുന്നു എന്ന് വ്യക്തമായെന്നും തിരുവഞ്ചൂർ പറഞ്ഞു. സോളാർ സമരം തീർന്നതും ടിപി ചന്ദ്രശേഖരൻ വധക്കേസും തമ്മിൽ ഒരു ബന്ധവുമില്ല. ടിപി വധക്കേസിൽ യുഡിഎഫ് സർക്കാർ സ്വീകരിക്കാവുന്ന എല്ലാ നടപടികളും സ്വീകരിച്ചു. അത് കോടതി വരെ ശരിവെച്ച് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കി.
കെഎം മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തെക്കുറിച്ച് ദല്ലാൾ നന്ദകുമാറിന്റെ ആരോപണത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഉമ്മൻചാണ്ടിയെപ്പോലൊരാൾക്ക് അല്ലാതെ അന്ന് അത്ര ചെറിയ ഭൂരിപക്ഷത്തിൽ ഒരു സർക്കാർ കൊണ്ടുപോകാനാകുമായിരുന്നില്ല. വോട്ടെണ്ണിക്കഴിഞ്ഞശേഷം ആരൊക്കെ എവിടെയൊക്കെ ഉണ്ടാകുമെന്ന് അറിയാമെന്ന് കേരള കോൺഗ്രസ് എമ്മിന് തിരുവഞ്ചൂര് മറുപടി നല്കി. ഇപ്പോൾ നടക്കുന്നത് ഊഹങ്ങൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
എല്ഡിഎഫിന്റെ സോളാര് വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയല് സമരം തീര്ത്തത് ഒരു ഫോണ്കോള് വഴിയെന്നും സമരം തീര്ക്കാന് ഇടപെട്ടത് രാജ്യസഭാ എം പി ജോണ് ബ്രിട്ടാസെന്നുമായിരുന്നു മലയാള മനോരമ തിരുവനന്തപുരം മുന് ബ്യൂറോ ചീഫ് ജോണ് മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്. നേതൃത്വത്തിന്റെ നിര്ദ്ദേശപ്രകാരമാണ് ജോണ് ബ്രിട്ടാസിന്റെ ഇടപെടലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സോളാര് സമരവുമായി ബന്ധപ്പെട്ട് അന്നത്തെ ആഭ്യന്തരമന്ത്രിയായ തിരുവഞ്ചൂര് രാധാകൃഷ്ണന് താനുമായി ബന്ധപ്പെടുകയായിരുന്നുവെന്നായിരുന്നു ജോണ് ബ്രിട്ടാസിൻ്റെ പ്രതികരണം.