കൊച്ചി: എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമെന്ന് ആരോഗ്യ വകുപ്പ്. പ്രതിരോധ പ്രവർത്തനങ്ങൾ വിജയം കാണുന്നുണ്ട് എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ജല അതോറിറ്റിയുടെ കുടിവെള്ളത്തിൽ നിന്ന് രോഗം പടർന്ന വേങ്ങൂർ പഞ്ചായത്തിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. ഒരു മാസത്തിനിടെ വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചത് 221 പേർക്കാണ്. 31 പേർ ചികിത്സയിലാണ്. നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടക്കുന്നുണ്ട്.
കളമശ്ശേരിയിൽ പുതുതായി മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നെടുമ്പാശ്ശേരി, ആലുവ, മട്ടാഞ്ചേരി, കോതമംഗലം, മൂവാറ്റുപുഴ തുടങ്ങിയ ഇടങ്ങളിലും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. കളമശ്ശേരി നഗരസഭയിലെ ചില കൂൾ ബാറുകളും ബേക്കറികളും ആരോഗ്യ വിഭാഗം പരിശോധന നടത്തി പൂട്ടിച്ചിരുന്നു. വേങ്ങൂർ പഞ്ചായത്തിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്കായി ധന സമാഹരണം തുടരുകയാണ്. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്നവർക്ക് അടക്കം ലക്ഷങ്ങളുടെ ബാധ്യതയാണ് ഉണ്ടായത്.