തൃശൂർ: തൃശൂരിൽ എയിഡഡ് സ്കൂളുകളുടെ മറവിൽ വൻ വിദ്യാഭ്യാസ കച്ചവടം. മൂന്ന് എയിഡഡ് സ്കൂളുകളിലായി ലക്ഷങ്ങൾ വാങ്ങി 163 പേരെയാണ് നിയമിച്ചത്. ഇതിൽ 114 അധ്യാപകരും വർഷങ്ങളോളം ജോലി ചെയ്തെങ്കിലും പിന്നീട് പെരുവഴിയിലായി. അധ്യാപനം ഉപേക്ഷിച്ചവരിൽ പലരുമിപ്പോൾ വണ്ടിയോടിച്ചും തുന്നൽപ്പണിക്ക് പോയും വിളമ്പാൻ പോയുമെല്ലാം ജിവിതം തള്ളിനീക്കുകയാണ്. വി സി പ്രവീൺ മാനേജരായ പള്ളിക്കൽ യുപി സ്കൂളിലാണ് മലപ്പുറത്തുകാരനായ വൈശാഖ് ഏഴ് വർഷം ജോലി ചെയ്തത്. 15 ലക്ഷം രൂപ കൊടുത്ത് കേറിയത് ഇല്ലാത്ത തസ്തികയിലാണെന്ന് ഉറപ്പിച്ചതോടെ നാല് വർഷം മുമ്പ് ഇറങ്ങി, ഒരു രൂപ പോലും ശമ്പളം കിട്ടാതെയാണ് ഇറങ്ങിയത്. അങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അധ്യാപകനായ വൈശാഖ് ഡ്രൈവറായി.
ഭിന്നശേഷി സംവരണത്തിന് അർഹയായ നിയ ടീച്ചർ ലക്ഷങ്ങൾ കൊടുത്ത് വർഷങ്ങളോളം കുട്ടികളെ പഠിപ്പിച്ച ശേഷം ഇപ്പോൾ വീട്ടിലാണ്. ഇല്ലാത്ത എട്ടാംക്ലാസ് ഉണ്ടെന്ന് പറഞ്ഞ് വർഷങ്ങളോളം പഠിപ്പിച്ച് ഒടുവിൽ ജോലി നിർത്തി ഒരു തൊഴിലും ഇല്ലാതെ നിൽക്കുകയാണ് സിജി ടീച്ചർ. സംസ്കൃത അധ്യാപികയായ അമ്പിളി ടീച്ചറുടെ സ്ഥിതിയും വ്യത്യസ്ഥമല്ല.
തൃശൂർ കഴീമ്പ്രം എസ്എൻഎഡിപി ഹയർസെക്കൻ്ററി സ്കൂളിലെ ലാബ് അസിസ്റ്റൻ്റായ വലപ്പാട് കോതകുളം സ്വദേശിയായ വി സി പ്രവീൺ നാല് സ്കൂളുകകൾ ഇതിനകം വാങ്ങി. സർക്കാർ ജീവനക്കാർക്ക് എയിഡഡ് സ്കൂൾ മാനേജരാകാൻ കഴിയില്ലെന്ന കേരള വിദ്യാഭ്യാസ ചട്ടം ഉദ്യോഗസ്ഥ ഒത്താശയോടെ അട്ടിമറിച്ചായിരുന്നു തൃശൂർ ജില്ലയിലെ കൂരിക്കുഴി, മച്ചാട്, പള്ളിക്കൽ എന്നീ സ്കൂളുകൾ 2009 മുതൽ വാങ്ങിയത്. 2009 ൽ പത്തുലക്ഷമാണ് ഒരു അധ്യാപകന് ജോലി നൽകാനായി വാങ്ങിയതെങ്കിൽ 2024 ആയപ്പോഴേക്കും അത് 35 ലക്ഷമായി ഉയർന്നു. ഇത്രയേറെ അധ്യാപകരെ പറ്റിച്ചിട്ടും മുടങ്ങാതെ അധ്യാപക ഒഴിവുകൾ പരസ്യം കൊടുക്കുകയാണിപ്പോഴും.
കൂരിക്കുഴി, പള്ളിക്കൽ, മച്ചാട് സ്കൂളുകളിലായി ഇല്ലാത്ത തസ്തികളിലേക്ക് 114 പേരെയാണ് വിസി പ്രവീൺ നിയമിച്ചത്. കൂരിക്കുഴി സ്കൂളിൽ മാത്രം 49 പേരാണ് മറ്റൊരു ഗതിയുമില്ലാതെ ഇറങ്ങി പോകേണ്ടി വന്നത്. പള്ളിക്കൽ സ്കൂളിൽ 25 പേരും മച്ചാട് സ്കൂളിൽ 12 പേരും ഇങ്ങനെ അധ്യാപന ജോലി മതിയാക്കേണ്ടി വന്നവരാണ്. തീർന്നില്ല. ഇത് കൂടാതെ കൂരിക്കുഴി സ്കൂളിൽ 23 പേരും പള്ളിക്കൽ സ്കൂളിൽ 4 പേരും മച്ചാട് സ്കൂളിൽ ഒരധ്യാപകനും ഇപ്പോഴും ഇല്ലാത്ത തസ്തികയ്ക്ക് വേണ്ടി ലക്ഷങ്ങൾ കൊടുത്ത് ഒരു രൂപ പോലും ശമ്പളം കിട്ടാതെ വർഷങ്ങളായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
ഇല്ലാത്ത തസ്തികകളിലേക്ക് വൻതുക പ്രതിഫലം വാങ്ങിയെന്ന് പല തവണ വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിട്ടും നടപടിയില്ലാതെ റിപ്പോർട്ടുകൾ പൂഴ്ത്തുന്നു. കോടതി ഉത്തരവുകളെ ദുർവ്യാഖ്യാനം ചെയ്ത് മാനേജർക്ക് അനുകൂല തീരുമാനമാക്കിക്കൊടുക്കുന്നു. 221 കുട്ടികളെ പെരുപ്പിച്ച് കാട്ടിയെന്ന റിപ്പോർട്ടിൽ പോലും നടപടിയില്ല. 114 അധ്യാപകരെ പെരുവഴിയിലാക്കിയത് മാത്രമല്ല, ഈ വാർത്താ പരമ്പരയിലൂടെ പുറത്ത് വരാനുള്ളത് വിദ്യാഭ്യാസ വകുപ്പും സ്കൂൾ മാനേജറും ചേർന്നുള്ള കോടികളുടെ കൊള്ളയുടെയും സർക്കാർ ഫണ്ട് ദുരുപയോഗത്തിൻ്റെയും വിവരങ്ങളാണ്.