ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എൻസിപിയിലെ മന്ത്രിസ്ഥാനത്തിന് വീണ്ടും അവകാശവാദം ഉന്നയിക്കുകയാണ് കുട്ടനാട് എംഎൽഎ തോമസ് കെ തോമസ്. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തുടരണോ എന്ന് സ്വയം തീരുമാനിക്കണം. കുട്ടനാട്ടിൽ നിന്ന് താൻ കൂടി ജയിച്ചതുകൊണ്ടാണ് ശശീന്ദ്രൻ ഇപ്പോഴും മന്ത്രിസ്ഥാനത്തിരിക്കുന്നത്. ഒറ്റ എംഎൽഎ മാത്രമായിരുന്നെങ്കിൽ രണ്ടരവർഷമേ കിട്ടുകയുളളു. തോമസ് കെ തോമസിൻെറ ഔദാര്യത്തിലാണ് മന്ത്രിയായിരിക്കുന്നതെന്ന് ശശീന്ദ്രൻ ഓർക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
ദേശിയ നേതൃത്വത്തിന് മുന്നിൽവെച്ചുണ്ടായ ധാരണ പാലിച്ചേ മതിയാകൂവെന്നാണ് തോമസ് കെ തോമസിന്റെ നിലപാട്. കോൺഗ്രസ് വിട്ട് എൻസിപിയിലേക്ക് വന്ന് സംസ്ഥാന അധ്യക്ഷനായ പി സി ചാക്കോയാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും തോമസ് കെ തോമസ് ആരോപിച്ചു.
ആരോഗ്യ പ്രശ്നങ്ങളുളള മന്ത്രി ശശീന്ദ്രൻ സ്ഥാനമൊഴിയണോയെന്ന് സ്വയം തീരുമാനിക്കണം. മന്ത്രിസ്ഥാനം വീതം വെയ്ക്കാൻ ധാരണയില്ലെന്ന കളളം പറയുമ്പോൾ മന്ത്രിസ്ഥാനത്തിരിക്കുന്നത് തൻെറ ഔദാര്യമാണെന്ന് മറക്കരുതെന്നും തോമസ് കെ തോമസ് പ്രതികരിച്ചു.