മലപ്പുറം: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായുള്ള സംസ്ഥാനത്തെ ഒരുക്കങ്ങൾ പൂർണം. പരിശുദ്ധ ഹജ്ജിന്റെ പുണ്യം തേടി വിശുദ്ധ മണ്ണിലേക്ക് പുറപ്പെടുന്ന തീർത്ഥാടകരെ വരവേൽക്കാൻ കരിപ്പൂർ ഹജ്ജ് ഹൗസ് ഒരുങ്ങി. തീർത്ഥാടകർ ഇന്നു മുതൽ കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ എത്തിത്തുടങ്ങും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 17,883 പേരാണ് വിവിധ എംബാർക്കേഷൻ പോയിന്റുകൾ വഴി ഇത്തവണ ഹജ്ജിനായി പോകുന്നത്. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് നിന്നും ഇത്രയും പേർക്ക് ഹജ്ജ് തീർത്ഥാടനത്തിന് അവസരം ലഭിക്കുന്നത്.
ആകെ തീർത്ഥാടകരിൽ 10,604 പേർ സ്ത്രീകളും 7,279 പേർ പുരുഷന്മാരുമാണ്. കൂടാതെ രണ്ട് വയസിനു താഴെയുള്ള എട്ട് കുഞ്ഞുങ്ങളും ഇതിൽ ഉൾപ്പെടും. കരിപ്പൂർ എംബാർക്കേഷൻ വഴി 10,430 പേരും കൊച്ചി വഴി 4,273, കണ്ണൂർ വഴി 3,135 പേരുമാണ് യാത്രയാവുക. സംസ്ഥാനത്ത് നിന്നുളള 37 പേർ ബെംഗളൂരു, അഞ്ച് പേർ ചെന്നൈ, മൂന്ന് പേർ മുംബൈ എംബാർക്കേഷൻ പോയിന്റുകൾ വഴിയാണ് പുറപ്പെടുക.
ഇന്നു മുതൽ ജൂൺ ഒമ്പത് വരെയാണ് കരിപ്പൂരിലെ ഹജ് ക്യാമ്പ്. മൊത്തം തീർത്ഥാടകരിൽ 1,250 പേർ 70 വയസ് കഴിഞ്ഞ റിസർവ്ഡ് കാറ്റഗറിയിൽ പെട്ടവരും 3,582 പേർ ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിൽ നിന്നുളളവരും ശേഷിക്കുന്നവർ ജനറൽ വിഭാഗത്തിൽ പെട്ടവരുമാണ്. കഴിഞ്ഞ വർഷം 11,252 പേരാണ് സംസ്ഥാനത്ത് നിന്നും പുറപ്പെട്ടിരുന്നത്. ഈ വർഷം 6,516 തീർത്ഥാടകരുടെ വർദ്ധനവാണുണ്ടായത്.
കരിപ്പൂരിൽ നിന്നും മെയ് 21ന് പുലർച്ചെ 12.05 നാണ് ആദ്യ വിമാനം. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 166 പേർ പുറപ്പെടും. അതേ ദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള് യാത്ര തിരിക്കും. ആദ്യ വിമാനം പുലര്ച്ചെ 3.50 ന് ജിദ്ദയിലെത്തും. ആദ്യ വിമാനത്തിൽ പുറപ്പെടുന്ന തീർത്ഥാടകർ തിങ്കളാഴ്ച രാവിലെ 10 മണിക്കും രണ്ടാമത്തെ സംഘം ഉച്ചക്ക് 12 മണിക്കും മൂന്നാം സംഘം ഉച്ചക്ക് രണ്ട് മണിക്കും ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യണം.
നിയമക്കുരുക്ക്, 12 വര്ഷത്തെ കാത്തിരിപ്പ്; ഒടുവില് നാട്ടിലെത്തിയത് ചേതനയറ്റ ശരീരംഎയർപോർട്ടിലെ പില്ലർ നമ്പർ പതിമൂന്നിലാണ് തീർത്ഥാടകർ ആദ്യം എത്തേണ്ടത്. ഇവിടെ ലഗേജുകൾ കൈമാറിയ ശേഷം ഹജ്ജ് കമ്മിറ്റി പ്രത്യേകം ഒരുക്കിയ ബസിൽ തീർത്ഥാടകരെ ഹജ്ജ് ക്യാമ്പിലേക്ക് എത്തിക്കും. എയർപോർട്ടിൽ തീർത്ഥാടകരുടെ ലഗേജുകൾ കൈമാറുന്നതിനും മറ്റു സഹായങ്ങൾക്കുമായി പ്രത്യേക വോളണ്ടിയർമാരുടെ സേവനം ലഭ്യമാകും. യാത്രയാക്കാനെത്തുന്നവർക്ക് ഹജ്ജ് ഹൗസിൽ വിശാലമായ പന്തൽ സൗകര്യവും ഉണ്ടായിരിക്കും. തീർത്ഥാടരുടെ സുരക്ഷക്കും പരിസരത്തെ ഗതാഗത നിയന്ത്രണങ്ങൾക്കുമായി എയർപോർട്ടിലും ഹജ്ജ് ക്യാമ്പിലും പൊലീസ് സേനയെയും പ്രത്യേകമായി വിന്യസിക്കും.