കോഴിക്കോട്: കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് വിരലിനു പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തില് ഇന്ന് മെഡിക്കൽ ബോർഡ് ചേരും. മെഡിക്കൽ ബോർഡിൻ്റെ അന്വേഷണത്തിന് ശേഷമായിരിക്കും ശസ്ത്രക്രിയ ചെയ്ത ഡോ. ബിജോൺ ജോൺസൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തുക. മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. അഷ്റഫിൻ്റെ നേതൃത്വത്തിൽ മഞ്ചേരി മെഡിസിൻ വിഭാഗം തലവൻ, സർജറി വിഭാഗം തലവൻ തുടങ്ങിയ മൂന്നംഗ സംഘമാണ് മെഡിക്കൽ ബോർഡ്. ഇന്ന് 10 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തുന്ന സംഘം ഡോ. ബിജോൺ ജോൺസൻ്റെയും അവയവം മാറി ശസ്ത്രക്രിയ ചെയ്ത കുഞ്ഞിൻ്റെ രക്ഷിതാക്കളുടെയും വിശദമായ മൊഴിയെടുക്കും.
കുട്ടിക്ക് നാവിന് പ്രശ്നമുണ്ടായിരുന്നോയെന്ന് മെഡിക്കൽ ബോർഡിനു ശേഷമേ അറിയാനാകു എന്ന് നേരത്തെ മെഡിക്കൽ കോളേജ് എ സി പി പ്രേമചന്ദ്രൻ പറഞ്ഞിരുന്നു. ചികിത്സ രേഖകൾ പരിശോധിച്ച് വരികയാണെന്നും എസിപി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഡോക്ടറെ രക്ഷിയ്ക്കാൻ ശ്രമം നടക്കുന്നതായും ഡോക്ടർക്ക് അനുകൂലമായി സംസാരിക്കാൻ സമ്മർദ്ദമുണ്ടെന്നും കുട്ടിയുടെ രക്ഷിതാക്കൾ കഴിഞ്ഞ ദിവസം റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയിരുന്നു. കേസുമായി മുന്നോട്ട് പോകുമെന്നും കുട്ടിയുടെ പിതാവ് റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.
നാക്കിലെ കെട്ട് ശ്രദ്ധയില്പ്പെട്ടു, ഡോക്ടര് അതിന് പ്രാധാന്യം നല്കി: ന്യായീകരണവുമായി കെജിഎംസിടിഎഡോ. ബിജോണിൻ്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംസിടിഎ (കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ) ഡിഎംഇ (ഡിപ്പാർട്ട്മെന്റ് ഓഫ് മെഡിക്കൽ എഡുക്കേഷൻ )ക്ക് കത്ത് നൽകി. സമ്മതമില്ലാതെ ശസ്ത്രക്രിയ ചെയ്തത് മാത്രമാണ് ഡോക്ടറുടെ പിഴവെന്നാണ് കെജിഎംസിടിഎ-യുടെ വാദം.
നാല് വയസ്സുകാരിയുടെ കൈക്ക് ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു കുടുംബം. എന്നാല്, കുഞ്ഞിന്റെ നാക്കിനാണ് ആശുപത്രിയില് ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് ചെറുവണ്ണൂര് മധുര ബസാര് സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി. ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടര് മാപ്പ് പറഞ്ഞിരുന്നു. പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരല് നീക്കം ചെയ്യുകയായിരുന്നുവെന്നമാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില് ഡോക്ടര് ബിജോണ് ജോണ്സനെ അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്തിരുന്നു. ഡോക്ടര്ക്ക് പിഴവ് പറ്റിയെന്നുള്ള മെഡിക്കല് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കണ്ടെത്തലിനെ തുടര്ന്നായിരുന്നു നടപടി.
ശസ്ത്രക്രിയ മാറിയത് തന്റെ പിഴവുകൊണ്ടാണെന്ന് സമ്മതിച്ച് ഡോക്ടര് രംഗത്തെത്തിയിരുന്നു. ശസ്ത്രക്രിയ കൊണ്ട് കുട്ടിക്ക് ഭാവിയില് പ്രശ്നങ്ങള് ഉണ്ടാകില്ലെന്നും ഡോക്ടര് സൂപ്രണ്ടിന് എഴുതിയ കത്തിലുണ്ടായിരുന്നു. എന്നാല്, കുഞ്ഞിന്റെ നാവിനും തടസ്സമുണ്ടായിരുന്നെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. സംഭവത്തില് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്ക്കെതിരെ മെഡിക്കല് കോളേജ് പൊലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ കുടുംബം നല്കിയ പരാതിയിലാണ് നടപടി.