തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില് തൃശൂര്, തിരുവനന്തപുരം, ആലപ്പുഴ മണ്ഡലങ്ങളിൽ സിപിഐഎം വോട്ട് ബിജെപിക്ക് പോയെന്ന് ആര്എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. വടകരയിൽ ബിജെപി വോട്ട് എൽഡിഎഫ് സ്ഥാനാത്ഥിക്ക് ആണ് പോയതെന്നും അദ്ദേഹം പറഞ്ഞു.
ഇരുപതിൽ ഇരുപത് സീറ്റും വിജയിക്കുമെന്നാണ് ആർഎസ്പി വിലയിരുത്തൽ. കേരളത്തിൽ 'ഭരണപരമായ പക്ഷാഘാതം' ആണ്. ക്രമസമാധാനനില താറുമാറായി. ആരോഗ്യമേഖല തകർന്നു. ആരോഗ്യമേഖലയ്ക്ക് ഒരു മന്ത്രി വേണമോ എന്ന് ആലോചിക്കേണ്ട സാഹചര്യമാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥിരം വിശ്രമത്തിന് പോകണം. കേരളത്തിന് അതാണ് ഗുണകരം. വിദേശയാത്രയിൽ രഹസ്യ സ്വഭാവം എന്തിനാണെന്നും ഷിബു ബേബി ജോൺ ചോദിച്ചു. എൽഡിഎഫ് സർക്കാരിന്റെ വിലയിരുത്തൽ ജൂൺ നാലിന് അറിയാം. മുഖ്യമന്ത്രിക്കും അനുയായികൾക്കും തുടർഭരണത്തിന്റെ അഹങ്കാരമാണ്. മുഖ്യമന്ത്രി മുതൽ ബ്രാഞ്ച് സെക്രട്ടറിക്ക് വരെ ഭരണത്തിന്റെ അഹംഭാവമാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
കൊല്ലത്ത് ഒരു ലക്ഷത്തിൽ കുറയാത്ത ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എന് കെ പ്രേമചന്ദ്രന് പറഞ്ഞു. വാർഡ് പുനർനിർണയ ഓർഡിനൻസിന് പിന്നിൽ രാഷ്ട്രീയ താല്പര്യമാണ്. സർവകക്ഷി യോഗം വിളിക്കണമായിരുന്നുവെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. കേന്ദ്ര സർക്കാർ പോലും ഇത്തരം കാര്യങ്ങളിൽ സർവ്വകക്ഷി യോഗം വിളിക്കാറുണ്ട്. സംശയങ്ങൾ ബാക്കി നിൽക്കുന്നുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു.