തിരുവനന്തപുരം: തൃശൂരില് മൂന്ന് എയിഡഡ് സ്കൂളുകളുടെ മറവില് 114 അധ്യാപകരെ ലക്ഷങ്ങള് വാങ്ങിപ്പറ്റിച്ച് അധ്യാപക കൊള്ള നടത്തിയ മാനേജര് വിസി പ്രവീണിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി വിജിലന്സ് റിപ്പോര്ട്ട്. സഹകരണ ബാങ്കില് 6 കോടി രൂപയുടെ ഇടപാടാണ് സര്ക്കാര് ഉദ്യോഗസ്ഥനായ വിസി പ്രവീണ് നടത്തിയത്. ഇല്ലാത്ത തസ്തികയിലേക്ക് ലക്ഷങ്ങള് വാങ്ങി നിയമനം നടത്തുന്നുണ്ടെന്ന് അനധികൃത അവധിയില് തുടരുകയാണെന്നും വിജിലന്സ് കണ്ടെത്തി. റിപ്പോര്ട്ടിന്റെ പകര്പ്പ് റിപ്പോര്ട്ടറിന് ലഭിച്ചു.
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില് കൊടുത്ത പരാതിയെത്തുടര്ന്നാണ് വിസി പ്രവീണിനെതിരെ വിജിലന്സ് അന്വേഷണം നടത്തിയത്. എറണാകുളത്തെ വിജിലന്സ് സ്പെഷ്യല് സെല് ആണ് അന്വേഷണം നടത്തി റിപ്പോര്ട്ട് സമര്പ്പിച്ചത്. ഗുരുതര കണ്ടെത്തലുകളാണ് വിജിലന്സ് റിപ്പോര്ട്ടിലുള്ളത്. തൃശൂരിലെ വലപ്പാട് സര്വീസ് സഹകരണ ബാങ്കില് 2012ല് അക്കൗണ്ട് തുടങ്ങി 2020ല് അക്കൌണ്ട് ക്ലോസ് ചെയ്തു. പക്ഷേ അപ്പോഴേക്കും 5 കോടി 66 ലക്ഷം രൂപയുടെ ഇടപാട് ഈ ബാങ്ക് വഴി നടത്തിയതായി വിജിലന്സ് കണ്ടെത്തി.
വിദേശത്ത് പോകാനെന്ന പേരില് അവധിയെടുത്ത് നാട്ടിൽ തുടുരുന്നത് അനധികൃത അവധിയാണെന്നും വിജിലന്സ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നിലവില്ലാത്ത തസ്തികകളിലേക്ക് നിയമനം നല്കാം എന്ന് പറഞ്ഞ് ഉദ്യോഗാര്ത്ഥികളെ കബളിപ്പിച്ചു. ഗുരുതരമായ ഈ മൂന്ന് കണ്ടെത്തലുകള് ഉണ്ടായിട്ടും വെറും വകുപ്പുതല അന്വേഷണത്തിന് മാത്രമായിരുന്നു വിജിലന്സ് ശുപാര്ശ. ലാബ് അസിസ്റ്റന്റായ ഒരു സാധാരണ സര്ക്കാര് ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് വന്ന് പോയ ആറുകോടി രൂപയെക്കുറിച്ച് ഒരു പരാമര്ശവുമില്ലാതെ ഒരു നടപടിയും എടുക്കാതെ വിജിലന്സ് അന്വേഷണം അവസാനിപ്പിച്ചു. സര്ക്കാരിനെ പറ്റിച്ച് എടുത്ത അവധി അനധികൃതമാണെന്ന് കണ്ടെത്തിയിട്ടും ക്രിമിനല് കേസെടുക്കാന് വരെ ശുപാര്ശയില്ല. ഇല്ലാത്ത തസ്തികകളിലേക്ക് പണം വാങ്ങി നിയമനം നടത്തിയെന്ന് കണ്ടെത്തിയിട്ടും വിജിലന്സ് കേസ് പോലും എടുത്തില്ല.
ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്തെ ഈ വിജിലന്സ് റിപ്പോര്ട്ടും വിസി പ്രവീണെന്ന വിദ്യാഭ്യാസ കച്ചവടക്കാരന് കൊള്ള തുടരാന് സഹായമായി. ഇപ്പോഴും യഥേഷ്ടം ലക്ഷങ്ങള് വാങ്ങി അധ്യാപകരെ പറ്റിക്കുകയാണ് മൂന്ന് സ്കൂളുകളുടെ മാനേജറും സര്ക്കാര് ജീവനക്കാരനുമായ വിസി പ്രവീണെന്നാണ് റിപ്പോര്ട്ടര് അന്വേഷണത്തില് കണ്ടെത്തിയത്.