മലപ്പുറം: വെള്ളക്കെട്ടില് ഒറ്റപ്പെട്ട പൊന്നാനി അഴിമുഖത്തെ കുടുംബങ്ങള്ക്ക് ആശ്വാസം. അഴിമുഖത്തെ വെള്ളക്കെട്ട് നീക്കം ചെയ്യാന് നഗരസഭ നടപടി ആരംഭിച്ചു. ജെസിബി കൊണ്ടുവന്ന് ഓടകള് വൃത്തിയാക്കാന് ആരംഭിച്ചു. റിപ്പോര്ട്ടര് വാര്ത്തയ്ക്ക് പിന്നാലെയാണ് നടപടി.
ഇന്നലെ പെയ്ത മഴയിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. കെട്ടി നില്ക്കുന്ന വെള്ളം ഒഴുക്കിവിടാന് സൗകര്യം ഇല്ലാത്തതിനാല് പ്രദേശം ഒറ്റപ്പെടുകയായിരുന്നു. ഇരുപതോളം കുടുംബങ്ങളുടെ നടപ്പാതയും, കിണറും വെള്ളത്തിനടിയിലായി.
അധികൃതര് തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര് റിപ്പോര്ട്ടറിനോട് പറഞ്ഞിരുന്നു. വീടുകളിലേക്ക് വെള്ളം കയറി, ഇഴജന്തുക്കള് എത്തുമോ ആശങ്കയുണ്ടെന്നും ഇവര് പറഞ്ഞിരുന്നു. നഗരസഭയുടെ നിര്മ്മാണ പ്രവര്ത്തികള്ക്കുള്ള കല്ലുകളും വെള്ളക്കെട്ടിന് കാരണമായെന്നും പ്രദേശവാസികള് ആരോപിച്ചിരുന്നു. നാട്ടുകാരുടെ എതിര്പ്പിനെ മറികടന്നാണ് പ്രദേശത്ത് കല്ലുകള് ഇട്ടതെന്നാണ് വിമര്ശനം.