പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം; ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

പെരിയാറിലെ പാതാളം ബണ്ട് തുറന്നപ്പോൾ രാസ മാലിന്യം ഒഴുകിയതാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണമെന്നും കളക്ടർ പറഞ്ഞു.

dot image

കൊച്ചി: എറണാകുളം പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല. സംഭവം അന്വേഷിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ കെ. ഉമേഷ് പറഞ്ഞു. പെരിയാറിലെ പാതാളം ബണ്ട് തുറന്നപ്പോൾ രാസ മാലിന്യം ഒഴുകിയതാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണമെന്നും കളക്ടർ പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മത്സ്യ കർഷകർക്ക് നഷ്ടപരിഹാരത്തിന് നടപടി തുടങ്ങിയെന്നും കളക്ടർ അറിയിച്ചു. ഇന്ന് വൈകുന്നേരം കളക്ടറേറ്റിൽ നടത്തിയ ഉന്നതതല യോഗത്തിന് ശേഷമായിരുന്നു കലക്ടറുടെ പ്രതികരണം.

ഇന്നലെ രാത്രിയാണ് പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. സമീപമുള്ള ഫാക്ടറികളിൽനിന്നുള്ള രാസമാലിന്യം പുഴയിൽ കലർന്നതാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ ഇടയാക്കിയത്. പാതാളത്തെ ബണ്ട് തുറന്നപ്പോൾ കൂടിക്കിടന്ന രാസമാലിന്യം പുഴയിൽ കലരുകയായിരുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഏലൂർ, വരാപ്പുഴ, ചേരാനല്ലൂർ, കോതാട്, പിഴല, മൂലമ്പിള്ളി തുടങ്ങിയ ഭാഗങ്ങളിലാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയത്. ബണ്ട് തുറന്നപ്പോൾ മുൻകരുതലുകൾ എടുത്തോ എന്ന കാര്യം അന്വേഷിക്കുമെന്നും ജില്ലാ കളക്ടറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി.

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഏലൂരിലും സമീപ പ്രദേശങ്ങളിലും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാർ വിവിധ സർക്കാർ ഓഫീസുകൾ ഉപരോധിച്ചു. കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പെരിയാറിൽ രാസമാലിന്യം കലർത്തിയ വ്യവസായ സ്ഥാപനത്തെ കണ്ടെത്തി നടപടിയെടുക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. ഏലൂരിലും സമീപപ്രദേശങ്ങളിലും നാട്ടുകാർ പ്രതിഷേധത്തിലാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us