തിരുവനന്തപുരം: സംസ്ഥാനത്ത് വൈന് നിര്മ്മിക്കാന് ഒരുങ്ങി കൃഷി വകുപ്പ്. ഇതുസംബന്ധിച്ച് നിർദ്ദേശം സമര്പ്പിക്കാന് തയ്യാറെടുക്കുകയാണെന്ന് കൃഷി വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി, ചീഫ് സെക്രട്ടറി വിളിച്ച് ചേര്ത്ത യോഗത്തില് അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ ഉയര്ന്ന വരുമാനം കിട്ടുന്ന മസാല ചേര്ത്ത വൈനുകള് നിര്മ്മിക്കാനുള്ള സാധ്യതകള് പരിശോധിക്കാവുന്നതാണെന്നുമാണ് യോഗത്തില് ഉയര്ന്ന ചര്ച്ച. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിന്റെ മിനുട്സ് റിപ്പോര്ട്ടറിന് ലഭിച്ചു.
ചീഫ് സെക്രട്ടറി വിളിച്ച് ചേര്ത്ത വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലായിരുന്നു ഡ്രൈ ഡേ പിന്വലിക്കാനുള്ള ചര്ച്ച നടന്നത്. ബെവ്കോ ഔട്ട്ലെറ്റുകളുടെ നടത്തിപ്പ് ലേലം ചെയ്യാനുള്ള ചര്ച്ച നടത്തിയതും ഇതേ യോഗത്തില് തന്നെ. ഈ യോഗത്തിലാണ് വൈന് നിര്മിക്കാനുള്ള ചര്ച്ചയും സജീവമായത്. കൃഷി വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറിയാണ് ഇക്കാര്യം യോഗത്തില് അവതരിപ്പിച്ചത്. ചെയറിന്റെ അനുമതിയോടെ നടത്തിയ ചര്ച്ചയില് ഇരുപതാമത് ആയിട്ടാണ് വൈന് നിര്മാണത്തിന്റെ സാധ്യതകള് തേടിക്കൊണ്ടുള്ള ചര്ച്ച.
മഹാരാഷ്ട്ര, കര്ണാടക തുടങ്ങിയ സംസ്ഥാനങ്ങള് വൈനും ഹോര്ട്ടി വൈനും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഈ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങള് വലിയ അളവില് അന്താരാഷ്ട്ര തലത്തില് ഡിമാന്ഡുള്ള വൈന് ഉത്പാദിപ്പിക്കുന്നുണ്ടെന്നും യോഗം ചര്ച്ച ചെയ്തു. ഇത് കര്ഷകര്ക്ക് ഉയര്ന്ന വരുമാനവും സര്ക്കാരിന് ഉയര്ന്ന ടാക്സ് റവന്യൂവും ഉണ്ടാക്കുന്നു.
മൈക്രോ വൈനറികള് പ്രോത്സാഹിപ്പിക്കുന്നതിനും മസാല ചേര്ത്ത വൈനുകള് ഉള്പ്പടെ വിവിധ തരം വൈനുകള് തയ്യാറാക്കുന്നതിനുമുള്ള സാധ്യതകള് പരിശോധിക്കാവുന്നതാണ്. ഇതിനായി ഒരു പ്രൊപോസല് സമര്പ്പിക്കാന് തയ്യാറെടുക്കുകയാണെന്ന് കൃഷി വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി അറിയിച്ചുവെന്നും മിനുട്സില് ഉണ്ട്. ഈ നീക്കത്തിന് സര്ക്കാര് അംഗീകാരം ലഭിച്ചാല് കേരളവും വൈന് ഉത്പാദിപ്പിച്ച് തുടങ്ങും.