പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില് പുലി കമ്പിവേലിയില് കുരുങ്ങിയ സംഭവത്തിൽ സ്ഥലമുടമക്കെതിരെ കേസെടുത്ത് വനംവകുപ്പ്. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയിലാണ് പുലി കുടുങ്ങിയത്. വന്യമൃഗങ്ങളെ പിടികൂടാന് സ്ഥാപിച്ച വേലിയെന്നാണ് പൊലീസ് വിലയിരുത്തല്. സാധാരണ കമ്പി കൊണ്ടല്ല വേലി നിർമ്മിച്ചതെന്ന് വനംവകുപ്പും കണ്ടെത്തി. ഏറെ പരിശ്രമിച്ചിട്ടും പുലിക്ക് രക്ഷപ്പെടാന് കഴിയാതിരുന്നത് അതുകൊണ്ടാണെന്നും ഉദ്യോഗസ്ഥർ നിരീക്ഷിച്ചു.
മയക്ക് വെടിവെച്ച് പിടികൂടി നിരീക്ഷണത്തിലിരിക്കെ ഈ പുലി ചത്തിരുന്നു. കമ്പി വേലിയിൽ കുടുങ്ങിയ പുലിയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മയക്ക് വെടിവെച്ച് പിടികൂടിയത്. മയക്കുവെടി വെച്ചതിന് ശേഷമായിരുന്നു ആര്ആര്ടി സംഘം പുലിയുടെ സമീപത്തെത്തി സാഹസികമായി ഇതിനെ കൂട്ടിലാക്കിയത്. ആന്തരിക രക്തസ്രാവമായിരിക്കാം പുലിയുടെ മരണകാരണമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം
ഇന്ന് രാവിലെയാണ് കൊല്ലങ്കോട് വാഴപ്പുഴ നിവാസികൾക്കിടയിൽ ഭീതി പരത്തിയിരുന്ന പുലി പ്രദേശവാസിയുടെ തെങ്ങിന്തോപ്പിലെ കമ്പിവേലിയില് കുരുങ്ങിയത്. നാലു വയസ്സ് പ്രായം തോന്നിക്കുന്ന പുള്ളിപുലിയുടെ വാലും ഇടുപ്പുമാണ് കമ്പിയില് കുരുങ്ങിയത്. പലതവണ സ്വയം കുരുക്കഴിച്ച് രക്ഷപ്പെടാന്, പുലി ശ്രമിച്ചെങ്കിലും വാൽ മാത്രമാണ് പുറത്തെടുക്കാൻ കഴിഞ്ഞത്. പിന്നീട് മണിക്കൂറുകളോളം കമ്പിയിൽ തന്നെ പുലി കുടുങ്ങിക്കിടന്നു. ഏറെ നേരത്തെ പ്രയത്നത്തിന്റെ ഒടുവിലാണ് ഡോക്ടർ ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിൽ പുലിയെ വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയത്.
പുറമേ പരിക്കൊന്നുമില്ലെങ്കിലും, കമ്പിയിൽ ഏറെ നേരം കുടുങ്ങിക്കിടന്നതുകൊണ്ട് ആന്തരിക അവയവങ്ങൾക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്ന് വെറ്റനറി സര്ജന് നേരത്തെ വ്യക്തമാക്കിയിരുന്നു. വാഴപ്പുഴയില് വെച്ച് തന്നെ നിരീക്ഷണത്തിലിരിക്കെയാണ് പുലി ചത്തത്. കൂടുതൽ വെറ്റനറി സർജന്മാരുടെ നേതൃത്വത്തിൽ കൊല്ലങ്കോട് ഇടുക്കപ്പാറ ഫോറസ്റ്റ് ക്യാമ്പിൽ വെച്ച് പുലിയുടെ പോസ്റ്റ്മോർട്ടം നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിനുശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കൊല്ലങ്കോട്ട് മയക്കുവെടിവെച്ച് പിടികൂടിയ പുലി ചത്തു