പാലക്കാട്: അവയവക്കടത്ത് കേസിലെ ഇരയായ പാലക്കാട് സ്വദേശി ഷമീറിനായി പൊലീസ് അന്വേഷണം വ്യാപിപിച്ചിരിക്കെ ഇന്സ്റ്റഗ്രാമില് സജീവമായി ഷമീര്. ബാങ്കോക്കില് നിന്ന് മലേഷ്യയിലേക്ക് പോകുന്നതായുള്ള സന്ദേശമാണ് ഷമീര് ഇന്സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഷമീര് ബാങ്കോക്കില് ഉണ്ടെന്ന വിവരം ഷമീറിന്റെ സുഹൃത്തുക്കളും വാര്ഡ് കൗണ്സിലറും നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഷമീറിന്റെ മുന്കാല പ്രവര്ത്തനങ്ങളും, സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില് പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം മകന് അവയവദാനം നടത്തിയതുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലായിരുന്നുവെന്നാണ് ഷമീറിന്റെ പിതാവ് പ്രതികരിച്ചത്. കഴിഞ്ഞ ഒരു വര്ഷത്തിലധികമായി ഷമീറുമായി ബന്ധമില്ല. സാമ്പത്തിക പ്രശ്നത്തിന്റെ പേരില് വീട്ടില് നിന്നും ഇറങ്ങി പോയതാണ്. പാസ്പോര്ട്ട്, ആധാര് തുടങ്ങിയ രേഖകളും ഷമീര് കൊണ്ടുപോയിരുന്നുവെന്ന് പിതാവ് പറഞ്ഞത്.
എന്നാല് ഷമീറിനെ ഇറാനില് എത്തിച്ചുവെന്നാണ് അവയവക്കടത്ത് കേസിലെ പ്രതി സാബിത്ത് നാസര് പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. ഏജന്റ് സാബിത്തിനെ പിടികൂടിയതോടെയാണ് അവയവക്കടത്തുമായി ബന്ധപ്പെട്ട കൂടുതല് വിവരങ്ങള് പുറത്തുവന്നത്. അവയവകച്ചവട സംഘത്തിലെ പ്രധാനിയായ സാബിത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങള് പുറത്തുവന്നിരുന്നു. 20 പേരെ ഇറാനിലേക്ക് കടത്തിയെന്നാണ് സാബിത്ത് എന്ഐഎക്ക് നല്കിയ മൊഴി. എട്ട് സംസ്ഥാനങ്ങളില് നിന്നായി ആളുകളെ കൊണ്ടുപോയിട്ടുണ്ട്. ലക്ഷങ്ങള് വാഗ്ദാനം ചെയ്താണ് സാബിത്ത് ഇരകളെ കടത്തുന്നത്. എന്നാല് അവയവമെടുത്ത ശേഷം തുച്ഛമായ തുക നല്കി തിരികെ എത്തിക്കും. ഇറാനിലെ ഫാരീദിഖാന് ആശുപത്രിയാണ് അവയവക്കച്ചവടത്തിന്റെ താവളമെന്നും സാബിത്തിന്റെ മൊഴിയിലുണ്ട്. കൊച്ചി നെടുമ്പാശ്ശേരിയില് നിന്നാണ് സാബിത്ത് പിടിയിലായത്.