കൊച്ചി: കേരള വാട്ടർ അതോറിറ്റിക്ക് വേണ്ടി ചലച്ചിത്ര അഭിനേതാക്കളെ അണിനിരത്തി പരസ്യ ചിത്രങ്ങളും ഹ്രസ്വ ചിത്രങ്ങളും ഒരുങ്ങുന്നു. പ്രഹളാദ് മുരളി മുഖ്യ വേഷം ചെയ്യുന്ന ചിത്രങ്ങളിൽ നായികമാരാകുന്നത് വേദ സുനിൽ, വിസ്മയ വിശ്വനാഥ് എന്നിവരാണ്. ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാട്ടർ അതോറിറ്റി പരസ്യ ചിത്രങ്ങളും ഹ്രസ്വ ചിത്രങ്ങളും ഒരുക്കുന്നത്. സങ്കീർണമായ ശുദ്ധീകരണ പ്രക്രിയയ്ക്ക് ശേഷം പൈപ്പ് വഴി നമ്മുടെ വീട്ടുമുറ്റത്ത് കുടിവെള്ളമെത്തുന്ന സംവിധാനത്തിന് പിന്നിലെ ചിലവും അധ്വാനവും ജനങ്ങളെ ബോധ്യപ്പെടുത്തുക, അശ്രദ്ധകൊണ്ട് പൈപ്പ് പൊട്ടിയും ടാങ്ക് ഓവർഫ്ലോ ആയും ലീക്കായും ജലം പാഴാകുന്നതും അതുവഴി അമിത ബില്ലു വരുന്നതും ഒഴിവാക്കണമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുക, വീട്ടിലിരുന്ന് തന്നെ ആൻഡ്രോയിഡ് മൊബൈൽ ഫോണിലൂടെ എങ്ങനെ ഓൺലൈനായി വാട്ടർ ചാർജ് അടയ്ക്കാമെന്ന് സാധാരണക്കാർക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരസ്യ ചിത്രങ്ങളും ഹ്രസ്വ ചിത്രങ്ങളും ഒരുക്കുന്നത്.
ഷിബു വെമ്പല്ലൂർ സംവിധാനവും കൃഷ്ണ കെ സഹദേവ് ചായഗ്രഹണവും നിരഞ്ജൻകുമാർ എഡിറ്റിംഗും മുരളീധരൻ കൊട്ടാരത്ത് നിർമ്മാണവും റീജോ ചക്കാലക്കൽ സംഗീതവും ചാൾസ് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. കേരള വാട്ടർ അതോറിറ്റി ഫിനാൻസ് മാനേജർ ആൻഡ് ചീഫ് അക്കൗണ്ട് ഓഫീസർ (FM & CAO) ശ്രീ ഷിജിത്ത് വി യുടെ മേൽനോട്ടത്തിൽ ജീവനക്കാരുടെയും കലാകാരന്മാരുടെയും കൂട്ടായ്മയാണ് വാട്ടർ അതോറിറ്റിക്ക് വേണ്ടി പരസ്യ ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും ഒരുക്കുന്നത്.
നായക വേഷം ചെയ്യുന്ന പ്രഹളാദ് മുരളി തമിഴ് മ്യൂസിക് ആൽബത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. മലയാളത്തിൽ 'കേക്ക് സ്റ്റോറി' എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. നായിക വേദ സുനിൽ അണിയറയിൽ ഒരുങ്ങുന്ന 'കേക്ക് സ്റ്റോറി' എന്ന ചിത്രത്തിലെ നായികയും അതിൻ്റെ എഴുത്തുകാരിയും ആണ്. മറ്റൊരു നായിക വിസ്മയ വിശ്വനാഥ് 'സ്കൂൾ ഡയറി' 'മരുഭൂമിയിലെ മഴത്തുള്ളി' മുതലായ മലയാള സിനിമകളിലും 'ലോക' 'കാടുവെട്ടി' തുടങ്ങിയ തമിഴ് സിനിമകളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ്. ഇവരെ കൂടാതെ ശോഭ പഞ്ചമം, സ്നേഹ .ആർ , കൃഷ്ണൻകുട്ടി പൂപ്പുള്ളി, ആഷ മേനോൻ, ഷിജിൻ വേണുഗോപാൽ എന്നിവരും പ്രാധാന്യമുള്ള വേഷങ്ങളിൽ എത്തുന്നു.
എൻഡോസൾഫാൻ വിഷയവുമായി ബന്ധപ്പെട്ട 'മാംഗോ ഷവർ' എന്ന ഡോക്യുമെൻററിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുകയും മനോരമ ഓൺലൈൻ സംഘടിപ്പിച്ച മത്സരത്തിൽ മികച്ച ഡോക്കുമെന്ററിക്കുള്ള പുരസ്കാരം നേടുകയും ചെയ്ത സംവിധായകൻ ഷിബു വെമ്പല്ലൂർ വാട്ടർ അതോറിറ്റിക്ക് വേണ്ടി മുമ്പും പരസ്യ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. 'സോളമൻ്റെ തേനീച്ചകൾ' എന്ന സിനിമയിലെ നാല് നായക നടീനടൻമാരെ വച്ച് വാട്ടർ അതോറിറ്റിയുടെ ആംനെസ്റ്റി അദാലത്തിന്റെ പരസ്യമൊരുക്കിയതും നടൻ സുനിൽ സുഖദ, അവതാരക പാർവതി ബാബു എന്നിവരെ വച്ച് വാട്ടർ അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ ലാബുകളുടെ പരസ്യം ഒരുക്കിയതും ഷിബു വെമ്പല്ലൂരാണ്.
ലാൽ ജോസ്, നടി സിജ റോസ് എന്നിവരെ മുഖ്യ അഭിനേതാക്കളാക്കി 'വുമൺസ് ഡേ' എന്ന ഹ്രസ്വചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. റിപ്പോർട്ടർ ടിവി നടത്തിയ സർഗ്ഗവസന്തം എന്നു പേരായ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു വുമൺസ് ഡേ. ഫെസ്റ്റിവലിനായി ലഭിച്ച അനേകം ഷോർട്ട് ഫിലിമുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 ചിത്രങ്ങൾ 2012 ലെ ഓണക്കാലത്ത് അത്തം മുതൽ തിരുവോണം വരെ 10 ദിവസങ്ങളിലായി റിപ്പോർട്ടർ ടിവി യിൽ പ്രദർശിപ്പിച്ചിരുന്നു. ഉത്രാടം നാൾ വൈകുന്നേരത്തും തിരുവോണം ദിവസം കാലത്തും പ്രദർശിപ്പിച്ചത് വനിതകളുടെ അവകാശങ്ങളെ ആസ്പദമാക്കിയുള്ള വുമൺസ് ഡേ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. മെസ്സിക്ക് പറ്റിയ ക്ലബ്, മൊബൈൽ ഫോൺ എന്നീ മലയാളം ഹ്രസ്വ ചിത്രങ്ങളും മൊബൈൽ ഫോൺ എന്ന ഒരു ഇംഗ്ലീഷ് ഹ്രസ്വ ചിത്രവും ഷിബു വെമ്പല്ലൂർ ഒരുക്കിയിട്ടുണ്ട്. ലിവ് ലെറ്റ്ലിവ് എന്ന തമിഴ് ഷോർട്ട് ഫിലിമിന്റെ രചയിതാവുമാണ്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ അന്തിമ ഘട്ടത്തിലുള്ള പരസ്യ ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും വൈകാതെ പ്രദർശനത്തിനെത്തും.