പത്തനംതിട്ട: 'ദേശാഭിമാനി' വരുത്താത്തതിനാലാണ് കുടുംബശ്രീ സംരംഭകരെ ഡിടിപിസി കെട്ടിടത്തില് നിന്നും ഇറക്കി വിട്ടതെന്ന ആരോപണം തള്ളി പത്രം. വ്യാജ വാര്ത്തയാണ് പ്രചരിക്കുന്നതെന്നും ഡിടിപിസി കാന്റീന് നടത്തിപ്പവകാശം ടെന്ഡറിലൂടെ മറ്റൊരു കുടുംബശ്രീ യൂണിറ്റ് നേടുകയാണ് ഉണ്ടായതെന്നും ദേശാഭിമാനി വിശദീകരണം നല്കി.
'ഡിടിപിസി അധീനതയിലുള്ള മലയാലപ്പുഴയിലെ കെട്ടിടം 10 വര്ഷമായി മൗണ്ട് ഇന് കഫേ എന്ന പേരില് കുടുംബശ്രീ യൂണിറ്റാണ് നടത്തുന്നത്. കാന്റീന് പുറമെ ദിവസ വാടകയ്ക്ക് നല്കുന്ന 10 മുറികളുമുണ്ട്. ഇവയുടെയെല്ലാം നടത്തിപ്പും വരുമാനവും ഇതേ യൂണിറ്റിനായിരുന്നു. തുച്ഛമായ തുകയില് തുടര്ച്ചയായി ഒരേ യൂണിറ്റ് സ്ഥാപനം നടത്തുന്നതില് ഓഡിറ്റില് എതിര്പ്പ് ഉയര്ന്നു. തുടര്ന്നാണ് ടെന്ഡര് വിളിച്ചത്' ദേശാഭിമാനി വ്യക്തമാക്കി.
2.45 ലക്ഷവും ജിഎസ്ടിയും ക്വോട്ട് ചെയ്ത സുനിത കാറ്ററിംഗ് കുടുംബശ്രീ യൂണിറ്റിനാണ് പുതിയ നടത്തിപ്പ് ചുമതല. പത്ത് വര്ഷമായി നടത്തിപ്പ് ചുമതലയുണ്ടായിരുന്ന നിലവിലെ കുടുംബശ്രീ യൂണിറ്റ് ടെന്ഡറിലെ ഏറ്റവും കുറഞ്ഞ തുകയായ 1.55 ലകഷം രൂപ മാത്രമാണ് കാണിച്ചതെന്നും ദേശാഭിമാനി വ്യക്തമാക്കി. നിയമപരമായ ടെന്ഡറില് ഏറ്റവും ഉയര്ന്ന തുക കാണിച്ചവര്ക്കാണ് ടെന്ഡര് നല്കിയതെന്ന് ഡിടിപിസിയും പ്രതികരിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു പത്തനംതിട്ട മലയാലപ്പുഴയില് ഡിടിപിസി കെട്ടിടത്തില് നിന്നും കുടുംബശ്രീ പ്രവര്ത്തകരെ ഇറക്കി വിട്ടത്. പാര്ട്ടി പത്രം വരുത്താത്തത് കാരണം ഇറക്കിവിടുകയായിരുന്നുവെന്നാണ് വനിതാ സംരഭകര് ആരോപിച്ചത്.