മലപ്പുറം: മാര്ഗഭ്രംശം സംഭവിച്ചുവെന്ന വിമര്ശനം തള്ളി സുപ്രഭാതം ദിനപത്രത്തിൻ്റെ എഡിറ്റോറിയൽ പേജിൽ സുപ്രഭാതം സിഇഒ മുസ്തഫ മുണ്ടുപാറയുടെ ലേഖനം. നയത്തില് മാറ്റം വരുത്തിയിട്ടില്ലെന്നും വാര്ത്തകളിലും പത്രങ്ങളിലും എല്ലാ വിഭാഗക്കാരെയും ഉള്ക്കൊള്ളുന്നതാണ് പത്രത്തിന്റെ നയം. അതിന്റെ ഭാഗമായാണ് ഇടതുമുന്നണിയുടെ പരസ്യമെന്നും സുപ്രഭാതം സിഇഒ മുസ്തഫ മുണ്ടുപാറ വിശദീകരിച്ചു.
'പത്രത്തിന്റെ ലോഞ്ചിങ് തിയതി നിശ്ചയിച്ചത് ലീഗ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷം. സാദിഖലി തങ്ങള്, കുഞ്ഞാലിക്കുട്ടി എന്നിവരില് നിന്നും തീയതി ഉറപ്പിച്ച ശേഷമാണ് പരിപാടി നിശ്ചയിച്ചത്. ഇതിന് ശേഷമാണ് മറ്റ് അതിഥികളെ ക്ഷണിച്ചത്. യുഎഇ ലോഞ്ചിങുമായി ബന്ധപ്പെട്ട വിമര്ശനങ്ങള് വസ്തുതയ്ക്ക് നിരക്കാത്തത്.' മുസ്തഫ മുണ്ടുപാറ പറഞ്ഞു.
വാര്ത്തകളിലും പരസ്യങ്ങളിലും എല്ലാ വിഭാഗത്തെയും പരിഗണിക്കുകയെന്നതാണ് അന്നു കൈകൊണ്ട തീരുമാനം. ആ തീരുമാന പ്രകാരമാണ് യുഡിഎഫിന്റെയും എല്ഡിഎഫിന്റെയും പരസ്യങ്ങള് കഴിഞ്ഞ എല്ലാ ലോക്സഭാ, നിയമസഭാ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കാലങ്ങളില് പ്രസിദ്ധീകരിച്ചതാണ്. പോളിസി തീരുമാനിച്ച ശേഷം പല യോഗങ്ങളിലും ഇക്കാര്യങ്ങള് ആവര്ത്തിച്ചുതീരുമാനിച്ചതാണെന്നും മുസ്തഫ മുണ്ടുപാറ വ്യക്തമാക്കി
സുപ്രഭാതത്തിനകത്ത് കുറച്ചുകാലമായി പ്രഖ്യാപിത രീതിയില് നിന്നും മാര്ഗഭ്രംശം സംഭവിച്ചിട്ടുണ്ടെന്നും അത് ശരിയാക്കി എടുക്കേണ്ടതുണ്ടെന്നും മുശാവറ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ഡോ. ബഹാഉദ്ദീന് മുഹമ്മദ് നദ്വി ആരോപിച്ചിരുന്നു. സുപ്രഭാതം ഗള്ഫ് എഡിഷന് ഉദ്ഘാടനത്തില് നിന്നും വിട്ടുനിന്നതിലായിരുന്നു പ്രതികരണം. റിപ്പോർട്ടറിനോടായിരുന്നു ബഹാഉദ്ദീന് മുഹമ്മദ് നദ്വിയുടെ പ്രതികരണം.
മത നിഷേധികള്ക്കെതിരെ കര്ശന നിലപാട് സ്വീകരിച്ച സംഘടനയാണ് സമസ്ത. അടുത്ത കാലത്തായി അതിനു മാറ്റങ്ങള് വന്നുവെന്നും സ ഡോ. ബഹാഉദ്ദീന് മുഹമ്മദ് നദ്വി പറഞ്ഞിരുന്നു. ഗള്ഫ് എഡിഷന് ഉദ്ഘാചടന ചടങ്ങില് മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുത്തത് ചൂണ്ടികാട്ടിയായിരുന്നു വിമര്ശനം. നിരീശ്വരവാദിയായ ഒരാള്ക്ക് തക്ബീര് ചൊല്ലി പിന്തുണ നല്കുന്നത് ബുദ്ധിശൂന്യമാണെന്ന് ബഹാഉദ്ദീന് മുഹമ്മദ് നദ്വി പറഞ്ഞു. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില് എല്ഡിഎഫിന്റെ പരസ്യം സമസ്തയില് പ്രസിദ്ധീകരിച്ചതും വിവാദമായിരുന്നു. പ്രവര്ത്തകര് പത്രം കത്തിച്ച് പ്രതിഷേധിച്ച് സഹചര്യം ഉണ്ടായി.