കോഴിക്കോട്: മലബാറിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ. മലപ്പുറത്ത് ദേശീയ പാതയിൽ മണ്ണിടിഞ്ഞും കാസർകോട് ദേശീയ പാതയിൽ വെള്ളക്കെട്ട് കാരണവും ഏറെ നേരം ഗതാഗതം മുടങ്ങി. പലയിടങ്ങളിലും മരം കടപുഴകി വീണും മണ്ണിടിഞ്ഞും വീടുകൾക്കടക്കം വ്യാപക നാശനഷ്ടമുണ്ടായി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ വിമാനങ്ങൾ വൈകി. അബുദാബി, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വൈകിയത്. കനത്ത മഴ മൂലം വിമാനങ്ങൾ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. വിമാനം വൈകിയതിനെ തുടർന്ന് യാത്രക്കാർ ബഹളമുണ്ടാക്കുകയും ചെയ്തു.
കോഴിക്കോട് ജില്ലയിൽ ഇന്നലെ വൈകിട്ടാണ് കനത്ത മഴ തുടങ്ങിയത്. ചാറ്റൽമഴയായി ഇന്ന് രാവിലെയും മഴ തുടരുകയാണ്. മാവൂർ തെങ്ങിലക്കടവ് ആയംകുളത്ത് റോഡ് പൂർണമായും പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നു. നിരവധി കുടുംബങ്ങൾ ഇതേ തുടർന്ന് ഒറ്റപ്പെട്ടു. തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ കാക്കഞ്ചേരിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഏറെ നേരെ ഗതാഗത തടസ്സമുണ്ടായി. മണ്ണ് മാറ്റിയതിന് ശേഷം പിന്നീട് ഗതാഗതം പുനസ്ഥാപിച്ചു. കാസർക്കോട് ദേശീയപാതയ്ക്ക് സമീപം പുല്ലൂർ - പെരിയ റോഡിലും വെള്ളക്കെട്ട് കാരണം ഗതാഗത തടസ്സം ഉണ്ടായി. ഇന്നലെ രാത്രി പെയ്ത മഴയിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു.
കൊയിലാണ്ടി കൊല്ലംചിറക്ക് സമീപം ഹോട്ടലിനു മുൻപിൽ മരത്തിൻറെ കൊമ്പ് പൊട്ടി റോഡിലേക്ക് വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കൊയിലാണ്ടിയിൽ നിന്ന് ഫയർ ഫോഴ്സ് എത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കോഴിക്കോട് ബാലുശേരി വീവേഴ്സ് കോളനിയിൽ വെള്ളം കയറിയതിനാൽ 35 പേരെ മാറ്റിപ്പാർപ്പിച്ചു. തൊട്ടടുത്ത ഗവ എൽപി സ്കൂളിലേക്കാണ് ആളുകളെ മാറ്റി പാർപ്പിച്ചത്.
തെക്കന്കേരളത്തിലും തോരാമഴ; തീരപ്രദേശങ്ങളില് ജാഗ്രതാ നിര്ദേശം