തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയെ ഗവർണർ പുറകോട്ട് വലിക്കുകയാണെന്നും സർവ്വകലാശാലകളെ കാവിവൽക്കരിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും മന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞു.
കേരള സർവകലാശാല സെനറ്റിലേക്ക് സ്വന്തം നിലയ്ക്ക് നാലു പേരെ നാമനിർദ്ദേശം ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ ആയിരുന്നു മന്ത്രിയുടെ പ്രതികരണം. വ്യക്തിപരമായ ഇടപെടലുകൾ സർവകലാശാലകളിൽ ഗവർണർ നടത്തുന്നുവെന്നും സർവ്വകലാശാലകളിൽ അങ്ങനെ ഒരു സ്ഥാനം ഗവർണർക്കില്ലെന്നതിന്റെ തെളിവാണ് കോടതി വിധികളെന്നും മന്ത്രി വ്യക്തമാക്കി.
'കലാലയങ്ങളും വിദ്യാലയങ്ങളും മികച്ച റാങ്കിങ് നേടി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ നടത്തുന്ന പരിശ്രമങ്ങളെ പുറകോട്ട് വലിക്കുവാൻ കഴിയുന്ന തരത്തിലുള്ള ഇടപെടലുകളാണ് ചാൻസലറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എന്നുള്ളത് തികച്ചും നിർഭാഗ്യകരമായ കാര്യമാണ്. നിയമസഭ ഒറ്റക്കെട്ടായി അംഗീകരിച്ച ബില്ലിൽ ഒപ്പുവെക്കാൻ അദ്ദേഹത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. നിഷേധനാത്മക സമീപനം സ്വീകരിക്കുകയും അനാവശ്യമായിട്ടുള്ള വ്യക്തിഗത ഇടപെടലുകൾ സർവകലാശാലയിൽ നടത്തുകയുമാണ് അദ്ദേഹം ചെയ്തത്', മന്ത്രി പറഞ്ഞു.
വീടുകളിലും കടകളിലും വെള്ളം കയറി, ഗതാഗതക്കുരുക്ക്; വെള്ളക്കെട്ടില് വലഞ്ഞ് ജനം'കേരള സർവകലാശാലയിലെ സെനറ്റിലേക്ക് അക്കാദമിക് ക്വാളിറ്റിയോ, മറ്റ് മേഖലകളിലെ മികവോ പരിഗണിക്കാതെ എബിവിപിക്കാരാണെന്ന ഒറ്റക്കാരണത്താൽ വിദ്യാർത്ഥികളെ നോമിനേറ്റ് ചെയ്യപ്പെട്ട വിഷയത്തിലാണ് ഹൈക്കോടതി ഗവർണർക്ക് എതിരായ വിധി പ്രസ്താവിച്ച'തെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അദ്ദേഹം ക്രിമിനൽ എന്ന് വിശേഷിപ്പിച്ചു. ഫ്യൂഡൽ മനോഭാവത്തിൽ നിന്നും ജനിക്കുന്നതാണ് ഇത്തരം പ്രസ്താവനകളെന്നും മന്ത്രി പറഞ്ഞു. എന്നാൽ കോടതിവിധിയെക്കുറിച്ച് മാധ്യമങ്ങളുമായി ചർച്ച ചെയ്യാനില്ലെന്നായിരുന്നു ഗവർണറുടെ നിലപാടെന്നും മന്ത്രി കൂട്ടിച്ചേർത്തു.