തൃശൂര്: തൃശൂരിലെ കൂരിക്കുഴി, മച്ചാട്, പള്ളിക്കല് സ്കൂളുകളുടെ മാനേജര് വി സി പ്രവീണ് സ്കൂളുകള് വാങ്ങിയത് ചട്ടവിരുദ്ധമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്ട്ട്. സര്ക്കാര് ജീവനക്കാരനായി തുടരാനാകില്ലെന്നും റിപ്പോര്ട്ടിലുണ്ട്. പ്രവീണിനെതിരെ കര്ശന നടപടി എടുക്കണമെന്ന് പല തവണ വിദ്യാഭ്യാസ വകുപ്പ് നിര്ദേശിച്ചിട്ടും ഇപ്പോഴും ജോലിയില് തുടരുകയാണ്. വെള്ളാപ്പള്ളി നടേശന് മാനേജറായ തൃശൂര് കഴീമ്പ്രം വിപിഎം എസ്എന്ഡിപി സ്കൂളിലെ ലാബ് അസിസ്റ്റന്റായ വി സി പ്രവീണ് അനധികൃത അവധിയെടുത്ത് സ്കൂളുകള് വാങ്ങിയെന്ന് നേരത്തെ തന്നെ വിജിലന്സും വിദ്യാഭ്യാസവകുപ്പും കണ്ടെത്തിയിരുന്നു.
വി സി പ്രവീണ് 30 വര്ഷങ്ങള്ക്ക് മുമ്പാണ് വെള്ളാപ്പള്ളി നടേശന് മാനേജറായ കഴീമ്പ്രം എസ്എന്ഡിപി സ്കൂളില് ജോലിയില് പ്രവേശിക്കുന്നത്. 2009ല് വിദേശത്ത് പോകാനെന്ന പേരില് അവധിക്ക് അപേക്ഷിച്ച് മൂന്ന് സ്കൂളുകള് വാങ്ങി നാട്ടില്ത്തന്നെ തുടര്ന്നു. വിദേശത്ത് പോയില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ വിദ്യാഭ്യാസ വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര് ചേര്ന്ന് ചട്ടത്തില് ഇളവ് ചെയ്ത് സര്ക്കാര് ഉദ്യോഗസ്ഥന് സ്കൂളുകള് വാങ്ങാന് അനുമതി കൊടുത്തു. പിന്നാലെയാണ് പ്രവീണ് തട്ടിപ്പ് തുടങ്ങിയതും ഇല്ലാത്ത തസ്തികയിലേക്ക് നിയനം നടത്തിയതും. 114 അധ്യാപകരെയാണ് ലക്ഷങ്ങള് വാങ്ങി പറ്റിച്ചത്.
ഇല്ലാത്ത 221 കുട്ടികള് ഉണ്ടെന്ന് പറഞ്ഞ് തലയെണ്ണലിലും സര്ക്കാരിനെ പറ്റിച്ച് ലക്ഷങ്ങള് തട്ടി. സൂപ്പര് ചെക്ക് സെല് ഇതും പിടികൂടി. സര്ക്കാരിനെതിരെയും മറ്റ് അധ്യാപകര്ക്കെതിരെയും ഇതിനകം നൂറിലേറെ തവണയാണ് വിസി പ്രവീണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതെല്ലാം അറിയാവുന്ന വിദ്യാഭ്യാസ വകുപ്പ് വിസി പ്രവീണ് വിദ്യാഭ്യാസ വകുപ്പിന് തന്നെ പൊതുശല്യമാണെന്ന് രീതിയില് പല തവണ റിപ്പോര്ട്ട് നല്കി. പക്ഷേ എന്നിട്ടും ഒരു നടപടിയും ഇതുവരെ എടുത്തില്ല. ഇതിനിടയിലാണ് അനധികൃത അവധിയില് തുടര്ന്ന് കൊണ്ട് സ്കൂളുകള് വാങ്ങിയത് പരാതി ആവുകയും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര് സാബു വലേറിയന് ഹിയറിംഗ് നടത്തിയതും.
ഹിയറിംഗിന്റെ തീരുമാന പ്രകാരം അനധികൃത അവധിയില് തുടര്ന്ന് എയിഡഡ് സ്കൂളുകള് വാങ്ങിയത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി കര്ശന നടപടിയെടുക്കാന് സ്കൂള് മാനേജറായ വെള്ളാപ്പള്ളി നടേശനോട് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ വിദ്യാഭ്യാസ വകുപ്പും നടപടിയെടുക്കാന് ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. മാത്രമല്ല, അനധികൃത അവധിയില് തുടരുകയുമാണ്. വിദ്യാഭ്യാസ വകുപ്പിന്റെ ഈ നടപടിക്കെതിരെ വി സി പ്രവീണ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമത്തിന്റെ പഴുതുകള് ഉപയോഗിച്ച് നിരന്തരം കോടതിയെ സമീപിച്ച് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് വിസി പ്രവീണിന്റെ കള്ളക്കച്ചവടം.