കനത്തമഴയിലും വെള്ളമില്ലാതെ പത്തനംതിട്ട മിനി സിവില് സ്റ്റേഷന്; ജീവനക്കാര് ദുരിതത്തില്

ജീവനക്കാര് ആശ്രയിക്കുന്നത് സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ശൗചാലയങ്ങളെയാണ്

dot image

പത്തനംതിട്ട: കനത്ത മഴയ്ക്കിടയിലും വെള്ളമില്ലാതെ പത്തനംതിട്ട മിനി സിവില് സ്റ്റേഷന്. ഇതോടെ ജീവനക്കാര് ദുരിതത്തിലായിരിക്കുകയാണ്. ശുചിമുറിയില് പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. ഇതോടെ ജീവനക്കാര് ആശ്രയിക്കുന്നത് സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ശൗചാലയങ്ങളെയാണ്. വെള്ളം അടിയന്തിരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വനിതാ ജീവനക്കാർ ഉൾപ്പെടെ പ്രതിഷേധ സമരം നടത്തി.

പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ ഒരു ദിവസം 10 മിനിറ്റ് മാത്രമാണ് പൈപ്പുകളിൽ വെള്ളം ലഭിക്കുക. വാട്ടർ അതോറിറ്റിയാണ് കെട്ടിട സമുച്ചയത്തിൽ ജലവിതരണം നടത്തുന്നത്. മിനി സിവില് സ്റ്റേഷനിലെ ശുചിമുറിയില് നിന്നുള്ള ദുര്ഗന്ധം കാരണം ജോലി ചെയ്യാന് കഴിയുന്നില്ലെന്നാണ് ജീവനക്കാര് പറയുന്നു.

ശുചിമുറികൾക്ക് സമീപമാണ് ഓഫീസുകൾ പ്രവർത്തിക്കുന്നത്. ദുർഗന്ധം മൂലം ഓഫീസുകൾക്കുള്ളിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും ജീവനക്കാർ പ്രതികരിച്ചു. കോടതി സമുച്ചയവും സമീപത്താണ് ഉള്ളത്. ഇവിടെയും വെള്ളം ഇല്ല. തഹസീൽദാർക്ക് ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്. മിനി സിവിൽ സ്റ്റേഷനിൽ വെള്ളം ലഭ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം

അതേസമയം സംസ്ഥാനത്തുടനീളം കഴിഞ്ഞ ദിവസമായി പെയ്ത കനത്തമഴയില് കോടികളുടെ നാശനഷ്ടമുണ്ടായെന്നാണ് റിപ്പോര്ട്ട്. വീടുകളിലും ആശുപത്രികളിലുമുള്പ്പടെ വെള്ളം കയറി. തൃശൂരിലെ അശ്വിനി ആശുപത്രിയിലാണ് വെള്ളം കയറിയത്. സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില് ഇന്ന് ഓറഞ്ച് അലേര്ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്, കാസര്കോട് ജില്ലകളില് യെല്ലോ അലേര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us