കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയില് മലിനീകരണ നിയന്ത്രണ ബോര്ഡിന് നോട്ടീസ് അയച്ച് ഏലൂര് നഗരസഭ. പെരിയാറിലേക്ക് മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങളുടെ പേര് വിവരങ്ങള് നല്കണമെന്ന് നോട്ടീസില് പറയുന്നു. മലിനീകരണം ഉണ്ടാക്കുന്ന സ്ഥാപനങ്ങള്ക്കെതിരെ ഉടന് നടപടിയെന്നും നോട്ടീസിലുണ്ട്. ഏലൂര് എന്വയോണ്മെന്റര് എഞ്ചിനീയര്ക്കാണ് നോട്ടീസ് നല്കിയത്.
മത്സ്യങ്ങളുടെ കൂട്ടക്കുരുതിയുണ്ടായ സാഹചര്യത്തില് കുഫോസ് സംഘം പെരിയാറില് നിന്ന് സാമ്പിള് ശേഖരിച്ചിട്ടുണ്ട്. പെരിയാറിന്റെ വിവിധ ഭാഗങ്ങളില് നിന്നായി 10 സാമ്പിളുകളാണ് ശേഖരിച്ചത്. പരിശോധനാ റിപ്പോര്ട്ട് സംഘം ഫിഷറീസ് മന്ത്രിക്ക് സമര്പ്പിക്കും.
കേരളാ മത്സ്യബന്ധന-സമുദ്ര ഗവേഷണ സര്വകലാശാലയിലെ വിദഗ്ധ സംഘം പെരിയാറിലെ വിവിധ ഭാഗങ്ങളില് നിന്ന് ആറ് സാമ്പിളുകളും മത്സ്യക്കെട്ടില് നിന്ന് നാല് സാമ്പിളുകളുമാണ് ശേഖരിച്ചത്. ആദ്യ പരിശോധനയില് പെരിയാറില് ഓക്സിജന്റെ അളവ് കുറവാണെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്ന്നാണ് രണ്ടാം തവണയും സാമ്പിളുകള് ശേഖരിച്ചത്. സള്ഫര്, ഹൈഡ്രജന് സള്ഫൈഡ്, അമോണിയ തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യമറിയാനാണ് വീണ്ടും പരിശോധന. പരിശോധനാ ഫലം ലഭിച്ചാലുടന് മന്ത്രിക്ക് കൈമാറും.
പെരിയാറിലെ മത്സ്യ കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില് പാതാളം ഷട്ടര് തുറക്കാന് പ്രത്യേക പ്രോട്ടോകോള് തയ്യാറാക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചിരുന്നു. ഇതിനായി ഇറിഗേഷന്, തദ്ദേശ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്ഡ് എന്നിവയെ ഏകോപിപ്പിക്കും. സംഭവത്തില് രണ്ട് ദിവസത്തിനുള്ളില് ഫോര്ട്ട് കൊച്ചി സബ് കളക്ടര് കെ മീര പ്രാഥമിക റിപ്പോര്ട്ട് സമര്പ്പിക്കും.