തിരുവനന്തപുരം: തദ്ദേശവാര്ഡ് പുനര്വിഭജനത്തില് ഓര്ഡിനന്സ് നീക്കത്തില് നിന്ന് പിന്മാറി സര്ക്കാര്. പകരം ബില്ല് കൊണ്ടുവരാനാണ് തീരുമാനം. ഓര്ഡിനന്സില് അനിശ്ചിതത്വം തുടരവെ ഇന്ന് ചേര്ന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ജൂണ് പത്തിന് നിയമസഭാ സമ്മേളനം വിളിക്കാന് ഗവര്ണറോട് ശുപാര്ശ ചെയ്യും. നിയമസഭാ സമ്മേളനത്തില് ബില്ല് കൊണ്ടുവരാനാണ് നീക്കം.
സാധാരണ ബുധനാഴ്ചകളില് ചേരുന്ന പതിവ് മന്ത്രിസഭായോഗം ഇന്ന് ചേരാന് തീരുമാനിച്ചതിന് പ്രത്യേക കാരണമുണ്ട്. തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേര്ന്ന് അംഗീകാരം നല്കിയ തദ്ദേശ വാര്ഡ് പുനര് വിഭജനത്തിനുളള ഓര്ഡിനന്സില് ഗവര്ണര് ഇതിനോടകം ഒപ്പുവെക്കുമെന്നായിരുന്നു സര്ക്കാര് പ്രതീക്ഷ. അങ്ങനെയെങ്കില് ഇന്നത്തെ മന്ത്രിസഭായോഗത്തില് നിയമസഭാ സമ്മേളനത്തിന് ശുപാര്ശ ചെയ്യാനായിരുന്നു സര്ക്കാര് നീക്കം. നിയമസഭാ സമ്മേളനം തീരുമാനിച്ചാല് പിന്നെ ഓര്ഡിനന്സ് നിലനില്ക്കില്ല എന്നുളളത് കൊണ്ടാണ് സര്ക്കാര് അത്തരമൊരു നീക്കം നടത്തിയത്. എന്നാല് സാങ്കേതികത്വം ചൂണ്ടിക്കാട്ടി ഓര്ഡിനന്സ് തിരിച്ചയച്ച ഗവര്ണറുടെ നടപടി സര്ക്കാരിനെ വെട്ടിലാക്കുകയായിരുന്നു.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്ഡ് കൂടുന്ന നിലയിലാണ് പുനര്നിര്ണ്ണയം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. അടുത്ത വര്ഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാര്ഡ് വീതം കൂട്ടാനുള്ള തീരുമാനം. ഇതോടെ 1,200 വാര്ഡുകള് പുതുതായി രൂപപ്പെടും. ജനസംഖ്യ വര്ധിച്ചെന്ന് വിലയിരുത്തിയാണ് വാര്ഡുകള് പുനര്നിര്ണയിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്. ചെറിയ പഞ്ചായത്തുകളില് 13ഉം വലുതില് 23ഉം വാര്ഡുകളുമാണ് നിലവിലുള്ളത്. ഭേദഗതിയോടെ ഇത് 14ഉം 24ഉം ആയി മാറും. പുതിയ വാര്ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില് ആയിരിക്കും അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക.