കൊച്ചി: സച്ചിന്ദേവ് എംഎല്എക്കെതിരായ ജാതി അധിക്ഷേപം നടത്തിയെന്ന കേസില് അഡ്വ. ജയശങ്കറിനെ ഒരു മാസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ജയശങ്കറിനോട് അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പട്ടിക ജാതി പട്ടിക വര്ഗ പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. കന്റോണ്മെന്റ് പൊലീസാണ് കേസെടുത്തത്. സച്ചിന്ദേവ് എംഎല്എയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
മേയര് കെഎസ്ആര്ടിസി ഡ്രൈവര് തര്ക്കത്തില് മേയറെയും സച്ചിന്ദേവ് എംഎല്എയെയും പരിഹസിച്ച് ജയശങ്കര് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയില് ജാതി അധിക്ഷേപം നടത്തിയെന്നാണ് ആരോപണം.
'നീ ബാലുശ്ശേരി എംഎല്എ അല്ലേടാ ഡാഷേ എന്ന് കെഎസ്ആര്ടിസി ഡ്രൈവര് സച്ചിന്ദേവിനോട് ചോദിച്ചു എന്ന് സച്ചിന് പരാതി കൊടുത്തിരുന്നെങ്കില് ഡ്രൈവര് കുടുങ്ങിപ്പോയെനെ. പട്ടിക ജാതി പട്ടികവര്ഗക്കാര്ക്കെതിരായ അതിക്രമം തടയല് എന്നൊരു നിയമമുണ്ട്. സച്ചിന് അത്തരത്തില് കേസ് കൊടുത്തിരുന്നെങ്കില് കെഎസ്ആര്ടിസി ജീവനക്കാരന് ഈ അടുത്ത കാലത്തൊന്നും സൂര്യപ്രകാശം കാണാത്ത രീതിയില് ജയിലില് പോയേനെ. എന്നാല് അങ്ങനെ പരാതി കൊടുക്കാന് സച്ചിന്ദേവിന് ബുദ്ധി ഉദിച്ചില്ല. അത്രക്കുള്ള വിവേകം സച്ചിന് ആ സമയത്ത് തോന്നിയില്ല', എന്നാണ് ജയശങ്കര് വീഡിയോയില് പറയുന്നത്.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് തനിക്കെതിരായ കേസ് എന്നാണ് ജയശങ്കര് ഹര്ജിയില് പറയുന്നത്. ഭരണകക്ഷിക്കും പ്രത്യേകിച്ച് ആഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കുമെതിരായ തന്റെ വിമര്ശനങ്ങളെ നിശബ്ദമാക്കാന് കൂടിയുള്ള ദുരുദ്ദേശം ഇൗ പരാതിക്ക് പിന്നിലുണ്ട്. താന് മുഖ്യമന്ത്രിയെയും സര്ക്കാരിനെയും യു ട്യൂബ് ചാനലിലൂടെ വിമര്ശിക്കാറുണ്ട്. ഒട്ടേറെ പെന്ഷനുകള് കുടിശിക കിടക്കെ മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് പോയത് താന് വിമര്ശിച്ചിരുന്നു. തന്റെ വിമര്ശനങ്ങള് ജനങ്ങള് സ്വീകരിക്കുകയും തന്നെ പിന്തുണക്കുകയും ചെയ്യുന്നത് സിപിഐഎമ്മിനെ വിറളിപ്പിടിപ്പിക്കുന്നു എന്ന് ജയശങ്കര് ഹര്ജിയില് പറയുന്നു. അതുകൊണ്ട് ഇങ്ങനെ ഒരു അവസരം ലഭിച്ചപ്പോള് അത് തനിക്കെതിരെയുള്ള കേസാക്കി മാറ്റുകയാണ് ചെയ്തത്. അതുകൊണ്ട് തനിക്കെതിരെയുള്ള എഫ്ഐആര് റദ്ദാക്കണം എന്നായിരുന്നു ജയശങ്കറിന്റെ ആവശ്യം.