തൃശൂര്: ബാര് കോഴ വിവാദത്തില് പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്. ഇടതുമുന്നണിയിലാരും കോഴ ആവശ്യമുള്ളവരല്ലെന്നാണ് ഗണേഷ് കുമാര് പ്രതികരിച്ചത്. ഇടതുമുന്നണിയുടെ മദ്യനയം നടപ്പാക്കാന് കോഴ നല്കേണ്ട. അതിനാരും പിരിക്കേണ്ട. ഐടി പാര്ക്കുകളില് മദ്യശാലകള് തുടങ്ങുന്നത് നയത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രി തന്നെ അത് പ്രഖ്യാപിച്ചിട്ടുണ്ട്. അത് നടപ്പിലാക്കുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര് പറഞ്ഞു.
മദ്യനയത്തില് ഇളവ് വരുത്താന് പണപ്പിരിവിന് ശ്രമിക്കുന്നുവെന്നത് ഗൗരവതരമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷും പ്രതികരിച്ചു. അത്തരക്കാര്ക്കെതിരെ ശക്തമായ നടപടി സ്വീകരണം. പ്രവണത വെച്ചുപൊറുപ്പിക്കില്ലെന്നും എം ബി രാജേഷ് പറഞ്ഞു.
മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്ദേശിച്ച് ബാര് ഉടമകളുടെ സംഘടന ഫെഡറേഷന് ഓഫ് കേരള ഹോട്ടല് അസോസിയേഷന് വൈസ് പ്രസിഡന്റ് അനിമോന് വാട്ട്സാപ്പിലൂടെ നല്കിയ ശബ്ദ സന്ദേശമാണ് പുറത്തായത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാര് സമയം കൂട്ടാനുമടക്കം ഒരാള് രണ്ടര ലക്ഷം രൂപ നല്കണമെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് കൂടിയായ അനിമോന് ശബ്ദസന്ദേശത്തില് ആവശ്യപ്പെടുന്നത്.
സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിര്ദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ് ബാര് ഉടമകള്ക്ക് അയച്ച വാട്സാപ്പ് സന്ദേശത്തില് പറയുന്നു. ഡ്രൈ ഡേ ഒഴിവാക്കാനും ബാറുകളുടെ സമയം കൂട്ടല് അടക്കം ബാറുടമകളുടെ ആവശ്യങ്ങള് പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചര്ച്ചകള് നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്തു വരുന്നത്. 'പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വച്ച് കൊടുക്കാന് പറ്റുന്നവര് നല്കുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാല് പുതിയ മദ്യനയം വരും. അതില് ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാന് കൊടുക്കേണ്ടത് കൊടുക്കണം', എന്നാണ് ശബ്ദസന്ദേശത്തില് പറഞ്ഞിരുന്നത്.
ബാര് ഉടമകളുടെ സംഘടനയുടെ എക്സ്ക്യൂട്ടിവ് യോഗം ഇന്നലെ കൊച്ചിയില് ചേര്ന്നിരുന്നു. യോഗസ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോന് പറയുന്നുണ്ട്. ഇടുക്കിയില് നിന്നും സംഘടനയില് അംഗമായവരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്തു. കൊച്ചിയില് ബാര് ഉടമകളുടെ യോഗം നടന്നുവെന്ന് സമ്മതിച്ച സംസ്ഥാന പ്രസിഡന്റ് വി സുനില് കുമാര് താന് പണപ്പിരിവിന് നിര്ദ്ദേശം നല്കിയിട്ടില്ല എന്നാണ് പ്രതികരിച്ചത്.
വീണ്ടും ബാർ കോഴ? ഡ്രൈ ഡേ ഒഴിവാക്കാനും സമയം കൂട്ടാനും പണം, അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്