മലപ്പുറം: സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാഉദ്ധീന് മുഹമ്മദ് നദ്വി ഇന്ന് സമസ്ത നേതൃത്വത്തിന് മറുപടി നല്കും. പരസ്യ വിമര്ശനങ്ങള്ക്ക് പിന്നാലെ സമസ്ത നേതൃത്വം നല്കിയ കാരണം കാണിക്കല് നോട്ടീസിനാണ് നദ്വി ഇന്ന് മറുപടി നല്കുക. സമസ്ത മുശാവറാ യോഗത്തില് മറുപടി പറയാമെന്ന നിലപാടിലാണ് ബഹാവുദ്ദീന് നദ്വിയെന്നാണ് സൂചന. പുതിയ വിവാദങ്ങള് സമസ്തക്ക് അകത്തും ആഭ്യന്തര കലഹം രൂക്ഷമാക്കിയിരിക്കുകയാണ്.
മുന് കാലങ്ങളില് സമസ്തയിലെ അഭിപ്രായ ഭിന്നതകളും വിഭാഗീയതയും കീഴ്ഘടകങ്ങളില് ആയിരുന്നുവെങ്കില് ഇത്തവണ നേതൃത്വം പോലും രണ്ട് തട്ടിലാണ്. ഒരു കേന്ദ്ര മുശാവറ അംഗം തന്നെ സമസ്ത അധ്യക്ഷന് നേരെയും ഔദ്യോഗിക മുഖപത്രത്തിന് നേരെയും പരസ്യ വിമര്ശനത്തിന് തയ്യാറായതും ഒരു മുശാവറ അംഗത്തിന് നേതൃത്വം കാരണം കാണിക്കല് നോട്ടീസ് നല്കിയതുമെല്ലാം സമസ്തയുടെ ചരിത്രത്തില് കേട്ട് കേള്വിയില്ലാത്തതാണ്. പുതുതായി രൂപപ്പെട്ട സാഹചര്യം നേതൃത്വത്തെയും അണികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
വിഷയം പരിഹാരിക്കാന് മധ്യസ്ഥ ശ്രമങ്ങള് ആരംഭിച്ചങ്കിലും ഇതുവരെയും വിജയിച്ചിട്ടില്ല. ജൂണ് അഞ്ചിന് ചേരുന്ന മുശാവറ യോഗത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നേതൃത്വത്തിനെതിരെ നടത്തിയ പരാമര്ശത്തിന് പിന്നാലെ ലഭിച്ച കാരണം കാണിക്കല് നോട്ടീസിന് ബഹാഉദ്ധീന് മുഹമ്മദ് നദ്വി ഇന്ന് മറുപടി നല്കിയേക്കും. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി നല്കിയ നോട്ടീസിന് ജൂണ് അഞ്ചിന് ചേരുന്ന സമസ്ത മുശാവറാ യോഗത്തില് മറുപടി പറയാമെന്ന വിശദീകരണമാണ് നദവി നല്കുകയെന്നാണ് ലഭിക്കുന്ന സൂചന.