
കോഴിക്കോട്: സമസ്ത-ലീഗ് തര്ക്കം ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടയെന്ന് എസ്വൈഎസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ. മുട്ടനാടുകളെ തമ്മില് തല്ലിക്കുകയാണ് ജമാഅത്തെ ഇസ്ലാമി. ലീഗില് സ്വാധീനമുണ്ടാക്കാന് ജമാഅത്തെ ഇസ്ലാമിക്ക് സാധിച്ചു, സമസ്തയെയും ലീഗിനെയും തകര്ക്കാനാണ് അവരുടെ ശ്രമമെന്നും മുസ്തഫ മുണ്ടുപാറ റിപ്പോര്ട്ടറിനോട് പറഞ്ഞു.
'മുസ്ലിം ലീഗിനെ തകര്ക്കുകയെന്നത് ഇവരുടെ അജണ്ടയാണ്. മുസ്ലിം ലീഗിനെയും സമസ്തയെയും തമ്മില് തെറ്റിക്കാനുള്ള ശ്രമമാണ് ജമാ അത്തെ ഇസ്ലാമി നടത്തുന്നത്. കുട്ടനാടിനെയും മുട്ടനാടിനെയും തമ്മിലടിപ്പിച്ച് ചോരകുടിച്ച കുറുക്കന്റെ തന്ത്രമാണ് ഇപ്പോള് ജമാ അത്തെ ഇസ്ലാമി നടത്തുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ ആളുകള് ലീഗിന് അകത്തുകയറിയെന്ന് പറയാന് കഴിയില്ല. എന്നാല് മുസ്ലിം ലീഗിനെ പോലും വഴിതെറ്റിക്കുന്ന രീതിയില് അവരുടെ പ്രവര്ത്തനം നടക്കുന്നുണ്ട്. സമസ്തയെയും മുസ്ലിം ലീഗിനെയും തകര്ക്കുകയാണ് അവരുടെ ലക്ഷ്യം.' മുസ്തഫ മുണ്ടുപാറ പറഞ്ഞു.
സമസ്തയില് എല്ലാ പാര്ട്ടിക്കാരുമുണ്ട്, ഒരു പാര്ട്ടിയുടെയും ഫ്രാക്ഷന് സമസ്തയിലില്ലെന്നും അദ്ദേഹം റിപ്പോര്ട്ടറിനോട് പറഞ്ഞു. സമസ്തയ്ക്കുള്ളിലെ ഭിന്നിപ്പിനെതിരെ കഴിഞ്ഞദിവസം മുഖപത്രമായ പ്രബോധനം വാരികയില് ജമാ അത്തെ ഇസ്ലാമി നിലപാട് വ്യക്തമാക്കിയിരുന്നു. സമ്സതയെ രൂക്ഷ ഭാഷയില് ജമാ അത്തെ ഇസ്ലാമി വിമര്ശിച്ചിരുന്നു. അതിന് മറുപടിയായാണ് മുസ്തഫ മുണ്ടുപാറ രംഗത്തെത്തിയത്.