ബാർ കോഴ വിവാദം രാഷ്ട്രീയ ആയുധമാക്കാൻ യുഡിഎഫ്;ഏകോപന സമിതി യോഗം ഇന്ന്

വിഷയത്തില് മുഖ്യമന്ത്രിയെയും സിപിഐഎമ്മിനെയും ലക്ഷ്യമിട്ട് രാഷ്ട്രീയ പ്രചരണം കടുപ്പിക്കാനാണ് യുഡിഎഫിന്റെ ആലോചന

dot image

തിരുവനന്തപുരം: ബാർകോഴ ആരോപണത്തെ രാഷ്ട്രീയമായി എങ്ങനെ നേരിടണമെന്ന് ചർച്ച ചെയ്യാന് യുഡിഎഫ് ഏകോപന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പണപ്പിരിവ് ശബ്ദരേഖ ബാർ അസോസിയേഷന് നേതാക്കള് തളളിപ്പറഞ്ഞെങ്കിലും അത് മുഖവിലക്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. വിഷയത്തില് മുഖ്യമന്ത്രിയെയും സിപിഐഎമ്മിനെയും ലക്ഷ്യമിട്ട് രാഷ്ട്രീയ പ്രചരണം കടുപ്പിക്കാനാണ് യുഡിഎഫിന്റെ ആലോചന. ഇതിനോടകം എക്സൈസ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷം, ആ നിലയിലും പ്രതിഷേധം കടുപ്പിക്കും.

തൃത്താലയിൽ തുടങ്ങിയ സമരം മുഖ്യമന്ത്രിയിലേക്കും സിപിഐഎമ്മിലേക്കും എത്തിക്കാനും കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ട്. മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ലെന്ന് പറഞ്ഞ കെ സി വേണുഗോപാലിന്റെ വാക്കുകൾ തന്നെ ഇത് അടിവരയിടുന്നു. പ്രതിപക്ഷ യുവജന സംഘടനകൾ കരിങ്കൊടി പ്രതിഷേധം അടക്കം ആലോചിക്കുന്നുണ്ടെന്ന് വി ടി ബൽറാം പ്രതികരിച്ചു. മദ്യവർജനം പ്രകടനപത്രികയിൽ പറഞ്ഞ ഒന്നാം പിണറായി സർക്കാർ 669 പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.

ഡ്രൈ ഡേ ഒഴിവാക്കാനും ഐ ടി പാർക്കുകളില് ബാറുകള് തുടങ്ങാനുമുളള സർക്കാർ നീക്കത്തെ ശക്തമായി പ്രതിരോധിക്കാനും പ്രതിപക്ഷം നിലവിലെ അവസരം വിനിയോഗിക്കും. നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ സഭക്കകത്ത് സ്വീകരിക്കേണ്ട തന്ത്രങ്ങള്ക്കും മുന്നണി യോഗം രൂപം നല്കും. തദ്ദേശ വാർഡ് വിഭജനത്തിനുളള ബില്ല് സഭയില് വന്നാലെങ്ങനെ നേരിടണമെന്നതും മുന്നണിയോഗത്തിന്റെ അജണ്ടയാണ്.

ഇതിനിടെ മദ്യനയത്തില് സര്ക്കാര് ഇളവുകള്ക്ക് തയ്യാറായേക്കില്ലെന്ന് സൂചനയുണ്ട്. ബാര് കോഴ ആരോപണത്തില് പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ഡ്രൈ ഡേ ഒഴിവാക്കണമെന്ന ഉദ്യോഗസ്ഥതല നിര്ദേശവും പരിഗണിക്കാനിടയില്ല. മദ്യനയത്തില് പ്രാരംഭ ചര്ച്ചകള് പോലും നടന്നിട്ടില്ലെന്ന പ്രതിരോധവും പുനരാലോചനയുടെ സൂചനയാണ്. മദ്യനയത്തില് സര്ക്കാരോ പാര്ട്ടിയോ ചര്ച്ച തുടങ്ങിയിട്ടില്ലെന്നിരിക്കെ ഇപ്പോഴുള്ള ആരോപണങ്ങള് അടിസ്ഥാന രഹിതമാണെന്നാണ് സിപിഐഎം നിലപാട്. വിഷയത്തില് സിപിഐ നേതൃത്വം മൗനം തുടരുകയാണ്. മന്ത്രി എംബി രാജേഷ് നല്കിയ പരാതിയില് ക്രൈംബ്രാഞ്ച് ഉടന് അന്വേഷണം തുടങ്ങും.

യുഡിഎഫ് കാലത്തേക്കാള് കര്ക്കശമായ സമീപനമാണ് ബാറുകളുടെ കാര്യത്തില് എല്ഡിഎഫ് സര്ക്കാര് സ്വീകരിച്ചതെന്ന് മന്ത്രി എം ബി രാജേഷും പ്രതികരിച്ചിരുന്നു. ഫെഡറേഷന് ഓഫ് കേരള ഹോട്ടല്സ് അസോസിയേഷനിലെ ആഭ്യന്തര തര്ക്കങ്ങളുടെ ഭാഗമായാണ് ശബ്ദ സന്ദേശം പുറത്തുവന്നതെന്ന് വിശദീകരിക്കുമ്പോഴും സിപിഐഎം പ്രതിരോധത്തിലാണ്. മന്ത്രി എം ബി രാജേഷ് രാജിവെക്കണമെന്ന അവശ്യം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് തള്ളിക്കളഞ്ഞിട്ടുണ്ട്. പ്രതിപക്ഷ പ്രതിഷേധം കനക്കുമെന്ന വിലയിരുത്തലില് കൂടിയാണ് രാജി ആവശ്യം പാര്ട്ടി സെക്രട്ടറി ആദ്യം തന്നെ തള്ളിയത്. പരസ്യ പ്രതികരണത്തിന് തയ്യാറാകാത്ത സിപിഐ നേതൃത്വം വിവാദത്തില് സിപിഐഎമ്മിന് ഒപ്പമാണ്.

മദ്യനയം: ഇളവുകളില് പുനരാലോചന? പ്രതിരോധം കടുപ്പിക്കും
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us